കാൻസർ കെയർ ഗ്രൂപ്പ് ബോധവൽക്കരണ യോഗം ശനിയാഴ്ച കേരളീയ സമാജത്തിൽ

മനാമ: കാൻസർ രംഗത്തെ പുതിയ ചികിത്സക്കുള്ള സാദ്ധ്യതകളെ പരിചയപ്പെടുത്തുന്നതിനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമായി കാൻസർ കെയർ ഗ്രൂപ്പ് വിളിച്ചു ചേർക്കുന്ന ആലോചനാ യോഗം ജനുവരി 18 ശനിയാഴ്ച 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ചേരുമെന്ന് ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.

അത്യാധുനിക സംവിധാനത്തോടെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.വി. ആർ കാൻസർ സെന്റർ ആൻഡ് റിസേർച് ഇൻസ്റ്റിട്യൂട്ടിന്റെ 5 ലക്ഷം രൂപയുടെ ചികിത്സാ സംരക്ഷണ സ്‌കീം ഉൾപ്പെടയുള്ള കാര്യങ്ങൾ യോഗത്തിൽ വിശദീകരിക്കും. എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസേർച് ഇൻസ്റ്റിട്യൂട്ടിന്റെ ചികിത്സാ സൗകര്യങ്ങളുടെ വിവരങ്ങൾ ചോദിച്ചറിയുവാനും കാൻസർ കെയർ ഗ്രൂപ്പ് ബഹ്‌റൈനിൽ സൗകര്യം ഒരുക്കുന്നുണ്ട്. എം.വി. ആർ കാൻസർ സെന്റർ ചെയർമാൻ വിജയകൃഷ്ണൻ, എം.ഡി ഡോ: നാരായണൻ കുട്ടി വാരിയർ എന്നിവരുൾപ്പെടെയുള്ള ടീം ഇതിനായി ജനുവരി 31 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 2 ഞായറാഴ്ചവരെ ബഹ്‌റൈനിൽ ഉണ്ടാകും. ഇക്കാര്യങ്ങളും ശനിയാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ വിവിധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ എന്നിവിടങ്ങളിൽ കാൻസർ കെയർ ഗ്രൂപ്പ് നടത്തി വരുന്ന ബോധവൽക്കരണ ക്ലാസുകൾ വിപുലപ്പെടുത്തുന്നത്ത്തിനുള്ള ഉദ്ദേശവും യോഗത്തിനുണ്ട്‌. താൽപ്പരരായ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 33750999