പ്രവാസി ഗൈഡന്‍സ് ഫോറം പതിനൊന്നാം വാർഷികാഘോഷം ജനുവരി 24ന്: കർമ്മജ്യോതി പുരസ്കാരം സലാം മമ്പാട്ട്മൂലക്ക് സമ്മാനിക്കും

മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം ജനവരി 24ന് വൈകുന്നേരം ഏഴ് മണി മുതല്‍ സഗയയിലെ കേരള കാത്തലിക് അസോസിയേഷന്റെ വികെഎല്‍ ഹാളില്‍ വെച്ച് നടക്കും. എറണാകുളം എം പി ഹൈബി ഈഡന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സലാം മന്പാട്ടുമൂലയ്ക്ക് കര്‍മ്മജ്യോതി പുരസ്കാരം സമ്മാനിക്കും. പ്രവാസ ജീവിതത്തിനിടയിലും തങ്ങൾ‍ക്ക് ആകുന്ന തരത്തിൽ സമൂഹത്തിന് വേണ്ടി പ്രവർ‍ത്തിക്കുവാന്‍ സന്മനസ് കാണിക്കുന്നവർ‍ക്കാണ് ഈ പുരസ്കാരം നൽ‍കി വരുന്നത്. ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും വാർഷികാഘോഷത്തോടനുബന്ധിച്ച് നല്‍കും. പിജിഎഫ് പ്രോഡിജി അവാർഡ് അഡ്വ. ലേഖ കക്കാടിക്കും, ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ഷിബു കോശിക്കും, ബെസ്റ്റ് ഫാക്വൽറ്റി അവാർഡ് നാരായണൻ കുട്ടി, അമൃതാ രവി, റോയ് തോമസ്, മിനി റോയ് തോമസ് എന്നിവർക്കുമായാണ് നൽകുന്നത്. ഇതു കൂടാതെ പിജിഎഫ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് പിജിഎഫ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോണ്‍ പനയ്ക്കല്‍, വര്‍ക്കിങ്ങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര, പ്രസിഡണ്ട് ക്രിസോസ്റ്റം ജോസഫ്,  വാര്‍ഷിക ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് ആയഞ്ചേരി, ഈവന്റ് കോര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ ഭാസ്കകരന്‍, സെക്രട്ടറി രമേശ് നാരായണ്‍ തുടങ്ങിയവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.