നോർക്ക ക്ഷേമനിധി പദ്ധതികളും പ്രവാസി നിയമങ്ങളും: ബഹ്റൈൻ പ്രതിഭ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക – പ്രവാസി ക്ഷേമനിധി പദ്ധതികളെകുറിച്ചും പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമ വശങ്ങളെകുറിച്ചും വിശദമായ ക്ലാസും ചർച്ചയും മുഹറഖ് ഹാലയിലെ യൂസഫ് ഹസൻ മജ്ലിസിൽ വെച്ച് നടന്നു. പ്രതിഭ മുഹറഖ് യൂണിറ്റ് സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതം പറഞ്ഞ പരിപാടി യൂണിറ്റ് പ്രസിഡണ്ട് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പരിപാടി ഉത്ഘാടനം ചെയ്തു. നിയമ ക്ലാസ് നോർക്ക ലീഗൽ കൺസൽടെന്റ് അഡ്വ: ശ്രീജിത്ത് കൃഷ്ണനും പ്രവാസി ക്ഷേമനിധി പദ്ധതികളെക്കുറിച്ച് പ്രതിഭ മുൻ സെക്രട്ടറി ഷെറീഫ് കോഴിക്കോടും നോർക്ക സേവനകളെക്കുറിച്ചു കേരളീയ സമാജം നോർക്ക-ചാരിറ്റി ജനറൽ കൺവീനർ കെ ടി സലീമും വിശദീകരിച്ചു.


നൂറിൽപരം ആൾക്കാർ പങ്കെടുത്ത പരിപാടിയിൽ സദസിൽ നിന്നും ഉന്നയിച്ച സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടിയും നൽകി. തദവസരത്തിൽ നടത്തിയ നോർക്ക- ക്ഷേമനിധി രജിസ്ട്രേഷനിൽ നാൽപ്പതിൽപരം ആൾക്കാർ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. പ്രതിഭ സെക്രട്ടറി ലിവിൻകുമാർ പ്രസിഡണ്ട് സതീഷ് കെ എം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ സുലേഷ് വി കെ നന്ദിയും പറഞ്ഞു.