കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ ‘കണ്ണൂർ ഫെസ്റ്റ് – 2020’: വാദ്യശ്രേഷ്ഠ പുരസ്‌കാരം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്കും, സംഗീതശ്രേഷ്ഠ പുരസ്‌കാരം കണ്ണൂർ ശരീഫിനും സമർപ്പിക്കും

മനാമ: കണ്ണൂരിന്റെ തനതായ സംസ്കാരവും പാരമ്പര്യവും വെളിവാക്കി കൊണ്ട് ബഹ്‌റൈനിൽ കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ സുബി ഹോംസിന്റെ സഹകരണത്തോടെ കണ്ണൂർ ഫെസ്റ്റ് – 2020 എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കണ്ണൂരിന്റെ തനത് കലാരൂപമായ തെയ്യം മുതൽ കണ്ണൂരിന്റെ ഭക്ഷണവിഭവങ്ങൾ ആയ ബിരിയാണിയും മുട്ടമാലയും പായസവും തുടങ്ങിയ ഭക്ഷണ മത്സരവും കമ്പവലി മത്സരവും അതുപോലെ ചിത്രരചനാ മത്സരവും ഉൾപ്പെടുത്തുന്ന പരിപാടിയി കണ്ണൂരിലെ തനതായ കലാരൂപങ്ങളും ആവിഷ്കരിക്കും. 2020 ഫെബ്രുവരി 14ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി 11 മണിവരെ മനാമ അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് കണ്ണൂരിന്റെ പേര് ലോകഭൂപടത്തിൽ കൊത്തിവെച്ച പ്രശസ്ത ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെ “വാദ്യ ശ്രേഷ്ഠ” പുരസ്കാരം നൽകി ആദരിക്കുകയും സംഗീത ലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിനെ “സംഗീത ശ്രേഷ്ഠ” അവാർഡും നൽകി ആദരിക്കുകയും ചെയ്യും.

കണ്ണൂർ ശരീഫ്, സരിഗമ ഫെയിം ആഷിമ മനോജ്, പ്രശസ്ത പിന്നണിഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കുന്ന വമ്പിച്ച ഗാനമേളയും, സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ വാദ്യമേളവും ഉണ്ടായിരിക്കുന്നതാണ്.