ബഹ്‌റൈനിലെ മലയാളി സംഘടനകളുടെ സംയുക്ത ‘റിപ്പബ്ലിക് ദിന സംഗമം’ ഇന്ന്, ഞായറാഴ്ച; ടി എം ഹർഷൻ മുഖ്യാതിഥി

മനാമ: ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘റിപ്പബ്ലിക് ദിന സംഗമം’ ഇന്ന് (ഞായറാഴ്ച). വൈകീട്ട് ഏഴിന് അദ്‌ലിയ ബാന്‍ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ ചിത്രകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ‘വരയും വരിയും’ ചിത്രാവിഷ്‌കാരത്തോടെയാണ് പരിപാടി തുടങ്ങുക.ഇന്ത്യയുടെ മതേതര പാരമ്പര്യം നിറങ്ങളില്‍ വിവരിക്കുന്ന പരിപാടിയാകും ചിത്രാവിഷ്‌കാരം. സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. ബഹ്‌റൈനിലെ വിവിധ സ്‌കൂളിലെ 71 വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ദേശീയ ഗാനവും ആലപിക്കും.

 

ബഹ്‌റൈന്‍ ‘നാനാത്വത്തില്‍ ഏകത്വം’ കൂട്ടായ്മ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായാണ് വിവിധ സംഘടനകള്‍ ഒന്നിച്ച് റിപ്പബ്ലിക് ദിന സംഗമത്തിന് വേദിയൊരുക്കുന്നത്.
ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, ആം ആദ്മി, കെ.സി.എ, പ്രതിഭ, സമസ്ത, സിംസ്, ഐ.സി.എഫ്, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ,പ്രേരണ, ഭൂമിക, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, കെ.എന്‍.എം ബഹ്‌റൈന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട് , സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, പടവ്, മൈത്രി, തണല്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. വിവിധ സംഘടനകള്‍ ചേര്‍ന്നുളള ‘നാനാത്വത്തില്‍ ഏകത്വം’ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.