റിപ്പബ്ളിക് ദിനാഘോഷ നിറവിൽ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം

മനാമ: ഇന്ത്യയുടെ 71 മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിപുലമായ പരിപാടികളോടെ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവും പങ്കു ചേർന്നു. ഇന്ത്യൻ എംബസിയിൽ നടന്ന പൊതു ആഘോഷ പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ പതാക ഉയർത്തി. ശേഷം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അംബാസിഡര്‍ സംസാരിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തില്‍ നടന്ന ആഘോഷത്തില്‍ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ദേശീയ പതാക ഉയർത്തി.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എംപി രഘു മറ്റ് സമാജം അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കെസിഎ പ്രസിഡണ്ട് സേവി മാത്തുണ്ണി, സെക്രട്ടറി വർഗീസ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെസിഎ അങ്കണത്തില്‍ ദേശീയപതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനാലാപനവും നടന്നു.

ബഹ്റൈൻ സീറോമലബാർ സൊസൈറ്റി  അങ്കണത്തിൽ നടന്ന ആഘോഷത്തില്‍ പ്രസിഡണ്ട് ചാൾസ് ആലുക്കയുടെ നേതൃത്വത്തിലാണ് ദേശീയ പതാകയുയര്‍ത്തിയത്.