ഇന്ത്യൻ സ്കൂളില്‍ വര്‍ണ്ണാഭമായ റിപ്പബ്ലിക്ക് ദിനാഘോഷം

മനാമ: ഇന്ത്യൻ സ്കൂളില്‍  റിപ്പബ്ലിക്ക് ദിനാഘോഷം വർണ ശബളമായ പരിപാടികളോടെ നടന്നു. സ്‌കൂളിന്റെ ഇസ ടൌൺ കാമ്പസിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

സ്‌കൂൾ സെക്രട്ടറി സജി ആന്റണി,   വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  അഡ്വ. ബിനു മണ്ണിൽ വർഗീസ്, രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി  ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

ദേശീയ ഗാനാലാപത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. റിഫ കാമ്പസിൽ നിന്നുള്ള കുട്ടികളുടേയും ഇസ ടൌൺ കാമ്പസ് വിദ്യാർത്ഥികളുടേയും വിവിധ സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറപ്പകിട്ടേകി.

പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ  റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.  ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിനും  പൗരന്മാർക്കുമിടയിൽ സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും നമ്മുടെ പ്രതിബദ്ധതയും  ഉറപ്പുവരുത്താനുള്ള ഒരു അവസരമാണ് റിപ്പബ്ലിക്ക് ദിനമെന്നും അദ്ദേഹം  പറഞ്ഞു.

ഹെഡ് ടീച്ചർ ജോസ് തോമസ്,  വിദ്യാർഥിനി ദേവിശ്രീ സുമേഷ് ,ജുവാന ജെസ് ബിനു  എന്നിവർ റിപ്പബ്ലിക്ക് ദിന പ്രഭാഷണങ്ങൾ നടത്തി. സെക്രട്ടറി സജി ആന്റണി നന്ദി പ്രകടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ബാൻഡ് അംഗങ്ങൾക്കും  സ്കൗട് ആൻഡ്  ഗൈഡസ് അംഗങ്ങൾക്കും   മെഡലുകളും സർട്ടിഫിക്കറ്റുകളും ഇതോടനുബന്ധിച്ച് നല്‍കി.