സാമ്പത്തിക ബാധ്യതകളും പ്രവേശനത്തട്ടിപ്പും നിലവാരത്തകര്‍ച്ചയും; ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഇന്ത്യൻ സ്കൂൾ എന്ന പൊതുസ്ഥാപനത്തിന്‍റെ പ്രവേശന നടപടികളും ഭരണസംവിധാനങ്ങളും സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയായ യുണൈറ്റഡ് പാരന്‍റ്സ് പാനല്‍.

നിലവിലെ ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തന ഫലമായി ഏത് നിമിഷവും തകർന്നു പോയേക്കാവുന്ന രൂപത്തിൽ സാമ്പത്തിക തകർച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് സ്ഥാപനമെന്നും ഉയർന്ന ശമ്പള സ്കെയിൽ നൽകി ഇഷ്ടക്കാരുടെ അധിക നിയമനങ്ങളും അനാവശ്യവുമായ ചിലവുകളും ശാസ്ത്രീയമല്ലാത്ത സാമ്പത്തിക ഇടപാടുകളും നടത്തുകയാണെന്നും യു.പി.പി നടത്തിയ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.

അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് കൃത്യമായ വേതനമോ കാലാകാലങ്ങളായി ലഭിച്ചുപോന്നിരുന്ന ശമ്പള വർധനവോ ലഭിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി്

”ഭരണസമിതിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നവർക്ക് മാത്രമായി ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ചുരുക്കി. ജനറൽ ബോഡി അംഗീകരിച്ചിട്ടു പോലും പേ റിവിഷൻ നടപ്പിലാക്കുന്നില്ല. ട്രാൻസ്‌പോർട്ട് കമ്പനിക്ക് ഭീമമായ സംഖ്യ കൊടുക്കുവാനുണ്ട് ഇപ്പോഴും. രണ്ടു വർഷം ഫീസും ട്രാൻസ്‌പോർട്ട് ഫീസും കൂട്ടിയിട്ടും ഇത്തരം പരിതാപകരമായ അവസ്ഥയില്‍ സ്‌കൂളിനെ കൊണ്ടെത്തിച്ചതിന്റെ കാരണം അറിയാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. അത് ബോധ്യപെടുത്തുവാൻ ഭരണസമിതിക്ക്ബാധ്യതയുമുണ്ട്. ട്രാൻസ്പോർട്ട് വകയിൽ കിട്ടുന്ന സംഖ്യ മാത്രം ഉപയോഗിച്ച് ബസ്സിനുള്ള പൈസയും മറ്റ് അനുബന്ധ ചിലവുകളും കണ്ടെത്താനേകണ്ടതാണ്. നിർഭാഗ്യവശാൽ ഒരുതരത്തിലും യോജിപ്പിക്കുവാൻ കഴിയാത്ത വിധം നഷ്ടക്കണക്കുകളാണ് സ്‌കൂൾ വരവ് ചിലവിൽ കാണിച്ചത്. അതിനെ ചോദ്യം ചെയ്തപ്പോഴും ഒരുമറുപടിയും ഇല്ല.”
യു.പി.പി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.

അക്കാദമിക് നിലവാരം ഉയർത്തുവാനുള്ള ഒരു നടപടികളും ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. പകരം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പ്രയാസത്തിലാക്കാക്കി കൊണ്ട് മുതിർന്ന ക്ളാസുകളിൽ കൂടുതൽ പേരെ പരാജയപ്പെടുത്തുകയും വിജയിക്കുമെന്ന് ഉറപ്പുള്ള കുട്ടികളെ മാത്രം വലിയ ക്ലാസുകളിലേക്ക് കയറ്റി വിടുകയും ചെയ്യുന്ന ഒരു പ്രവണത ഈ ഭരണസമിതി അവലംഭിച്ച് വരുന്നതായും ഒരു കമ്യൂണിറ്റി സ്‌കൂളിന് ഈ രീതി ഒട്ടും ഭൂഷണമല്ലെന്നും യു.പി.പി പറഞ്ഞു. നിലവാരം നിർണ്ണയിക്കുന്ന ബന്ധപ്പെട്ട മന്ത്രാലയ വിഭാഗത്തിന്റെ പരിശോധനയില്‍ കഴിഞ്ഞ പ്രാവശ്യം ശരാശരിക്കും താഴെയായാണ് സ്കൂള്‍ നില്‍ക്കുന്നത്. അടുത്തവർഷം ഒരു മൂല്യനിർണ്ണയം ഉണ്ടാകുമ്പോൾ ഈ സ്ഥിതി മാറിയില്ലെങ്കിൽ സ്‌കൂളിന്റെ അനുമതിയെ പോലും അത് ബാധിക്കും എന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു.

”കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി മെഗാഫെയർ നടത്തി സമാഹരിച്ചു വരുന്ന ലക്ഷ കണക്കിന് ദിനാറുകൾ എന്തിന് ചിലവഴിച്ചെന്നോ എങ്ങോട്ട്പോകുന്നെന്നോ നാളിതുവരെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിട്ടില്ല.
ഈ കമ്മിറ്റി അധികാരത്തിൽ വന്ന ശേഷം ഓരോ അധ്യയന വർഷവും സ്കൂളിൽ സ്വന്തം കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്തതിന്റെ പേരിൽ കുടുംബത്തെ നാട്ടിൽ അയക്കേണ്ടി വന്ന എത്രയോ കുടുംബങ്ങളുണ്ട്‌. അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുവാൻ രക്ഷിതാക്കൾക്ക് സന്ദേശങ്ങൾ അയക്കുകയും പറഞ്ഞ സമയത്ത് തന്നെ രക്ഷിതാക്കൾ അത് ചെയ്യുമ്പോള്‍ രജിസ്ട്രേഷൻ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്‌. ഓൺലൈൻ അപേക്ഷ എത്ര രക്ഷിതാക്കൾ ചെയ്തുവെന്നോ അതിൽ എത്ര പേർക്ക് പ്രവേശനം ലഭിച്ചു എന്നോ വെളിപ്പെടുത്തുവാൻ അധികൃതർ തയ്യാറല്ല.” രഹസ്യ അജണ്ടകള്‍ മാറ്റി വച്ച് ഇനിയെങ്കിലും പ്രവേശനം സുതാര്യമാക്കണമെന്നും യു.പി.പി ഓര്‍മപ്പെടുത്തി.

സ്കൂളില്‍ നടന്ന കളവുമായി ബന്ധപ്പെട്ടത് ചെയര്‍മാന്‍ നേരിട്ട് നിയമിച്ച വ്യക്തിയാണ്. പല ക്രമക്കേടുകളും ഇയാളുടെ ഭാഗത്ത് നിന്നുണ്ടാകുക കൂടി ചെയ്തിട്ടുള്ളതിനാല്‍ ഇതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഭരണസമിതിക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല.
സ്‌കൂളിനെ ഭാരിച്ച സാമ്പത്തിക ബാധ്യതയിലേക്ക് എത്തിച്ചിരിക്കുന്നതിന്‍റെ കാരണം രക്ഷിതാക്കൾ അറിഞ്ഞേ മതിയാവൂ. സ്‌കൂളിന്റെ വളർച്ചമുരടിപ്പിക്കുകയും 10 വർഷമെങ്കിലും സ്‌കൂളിനെ പുറകിലോട്ട് കൊണ്ടുപോവുകയുമാണ് ഈ ഭരണസമിതിചെയ്തത്.
ക്രിയാത്മകമായ ഒരു പ്രതിപക്ഷമെന്ന രീതിയിൽ ഒരു കമ്മ്യൂണിറ്റി സ്കൂളിന്റെ ക്രമക്കേടുകളെ കുറിച്ച് ഓര്‍മപ്പെടുത്തുമ്പോഴും പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുമ്പോഴും ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ പരാതിനൽകുമ്പോഴും അത് ചെയ്യുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു പേടിപ്പിക്കുന്ന രീതി തികച്ചും അപലപനീയവും ജനാധിപത്യമര്യാദകൾക്കു നിരക്കാത്തതുമാണെന്ന് മറന്നുപോകരുതെന്നും യു.പി.പി മുന്നറിയിപ്പ് നൽകി.

പത്രസമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും യു.പി.പി ചെയർമാനുമായ അബ്രഹാം ജോൺ, മറ്റു നേതാക്കളായ റഫീഖ് അബ്ദുല്ല, ചന്ദ്രബോസ്, എഫ്.എം. ഫൈസൽ, ജ്യോതിഷപണിക്കർ, അനിൽ. യു.കെ, ബിജു ജോർജ്, രാജ്‌ലാൽതമ്പാൻ,ദീപക്മേനോൻ, അജി ഭാസി, അൻവർ ശൂരനാട്, അബ്ബാസ് സേട്ട്, ജോൺബോസ്കോ,ഷിജു, എന്നിവർ സംബന്ധിച്ചു.