മനാമ: മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് കഴിഞ്ഞ ആറ് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് തിരുന്നൽവേലി സ്വദേശി വെട്രിവേല്‍ ജീവിതത്തെ തിരിച്ചു പിടിക്കുന്നു. മൽസ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ബഹ്രൈനിലെത്തി വെറും മൂന്നുമാസം തികയും മുമ്പാണ് വിധി അപകടത്തിന്‍റെ രൂപത്തിലെത്തിയത്.
മൽസ്യബന്ധന ബോട്ടിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് ഒപ്പം ഉണ്ടായിരുന്ന ഒരാൾ മരിക്കുകയും അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വെട്രിവേല്‍ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ഇദ്ദേഹം നീണ്ട ആറ് മാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഇത് ‘പ്രതീക്ഷ ബഹ്‌റൈൻ (HOPE)’ പ്രവർത്തകർക്കും പ്രത്യാശയുടെ ധന്യ മുഹൂർത്തമാണ്.
സൽമാനിയ ഹോസ്പിറ്റൽ പ്രതീക്ഷ പ്രവര്‍ത്തകര്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് ഇദ്ദേഹം ശ്രദ്ധയിൽ പെടുന്നത്. അന്ന് മുതൽ പ്രതീക്ഷയുടെ കരുതലിൽ ആയിരുന്നു വെട്രിവേല്‍. ആവശ്യമായ മരുന്നുകളും, മറ്റു സഹായങ്ങളും, മാനസിക പിന്തുണയും നൽകുന്നതോടൊപ്പം, സ്‌പോൺസറുടെ ഭാഗത്തുനിന്നും ലഭിക്കേണ്ടിയിരുന്ന മുഴുവൻ ആനുകൂല്യങ്ങളും ഉറപ്പാക്കാനും പ്രതീക്ഷയുടെ പ്രവർത്തകർക്കായി.
വെട്രിവേലിനെ മെഡിക്കൽ കമ്മീഷന് മുമ്പിൽ ഹാജരാക്കുക, യാത്രയ്‌ക്കാവശ്യമായ അനുമതികൾ വാങ്ങി നൽകുക, സഹായിയായി കൂടെ യാത്ര ചെയ്യേണ്ട ആളിനെ സജ്ജമാക്കുക തുടങ്ങി, യാത്രയാകും വരെയുള്ള മുഴുവൻ കാര്യങ്ങളും പ്രതീക്ഷയുടെ നിസ്വാർത്ഥ പ്രവർത്തകരുടെ കരുതലിൽ ആണ് സാധ്യമായത്.
വെട്രിവേലിന്‍റെ കുടുബത്തിന്‍റെ ദയനീയാവസ്ഥ മനസിലാക്കി, ഹോപ്പ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 1,10,515.00 (ഒരുലക്ഷത്തി അഞ്ഞൂറ്റി പതിനഞ്ച് രൂപ) തുടർചികിത്സാ സഹായമായി നൽകുകയുമുണ്ടായി. യാത്രയാവുമ്പോൾ ധരിക്കാനാവശ്യമായ വസ്ത്രങ്ങളും, ചെരുപ്പും മറ്റ് അവശ്യ സാധനങ്ങളും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ പ്രതീക്ഷയുടെ ഗൾഫ് കിറ്റ് കൂടി നൽകിയപ്പോൾ യാത്രയാക്കാന്‍ വന്ന പ്രതീക്ഷ ബഹ്‌റൈന്‍റെ പ്രവര്‍ത്തകരുടെ കരം പിടിച്ചു വെട്രിവേല്‍ വിതുമ്പി. മരണത്തിന്‍റെ മുനമ്പില്‍ നിന്ന് വെട്രിവേല്‍ ജീവിതത്തിലേക്ക് പിച്ചവച്ച് കയറുന്നതിന് സാക്ഷിയിയതിന്‍റെ നിറവിലാണ് HOPE പ്രവര്‍ത്തകരും.