പ്രവാസ ജീവിത ചിലവുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരുകയും, എന്നാല്‍ തൊഴില്‍പരമായി ധാരാളം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിലൂടെയാണ് ഓരോ പ്രവാസിയും കടന്നു പോകുന്നത്. ബഹ്റൈനെ സംബന്ധിച്ചിടത്തോളം നിര്‍ധനരായ രോഗികള്‍ക്ക് ആശുപത്രികളില്‍ നിന്നും ആവശ്യാനുസരണം മരുന്നുകള്‍ സൗജന്യമായി ലഭിച്ചിരുന്ന സാഹചര്യം ഇപ്പോള്‍ നിലച്ചിരിക്കുന്ന സാഹചര്യമാണ്. ഹൃദ്രോഗികള്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, ഉദര സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി ദിനവും നിരവധി രോഗികളാണ് സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ചികിത്സ നടത്താതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കുന്നത്.
ബഹ്‌റൈനിലെ നല്ലവരായ ജീവകാരുണ്യ പ്രവര്‍ത്തകരും സംഘടനകളും ഇത്തരം രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. എങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊരു ഏകീകരണസ്വഭാവം ഉണ്ടാവേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് തികച്ചും നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ മരുന്ന് വാങ്ങി നല്‍കുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലൊരു കൂട്ടായ്മ ഉണ്ടാക്കുവാന്‍ സാമൂഹ്യപ്രതിബദ്ധതയുള്ള സാമൂഹ്യപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. അത്തരം ആശയത്തില്‍ നിന്നാണ് ”മെഡ് ഹെല്‍പ്പ്” ബഹ്റൈന്‍ എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്.
ആദ്യമായാണ് ബഹ്റൈനില്‍ ഇങ്ങനെ ഒരു കൂട്ടായ്മ. ഈ കൂട്ടായ്മയില്‍ ആര്‍ക്കും അംഗമാകുവാനും, സഹായങ്ങള്‍ നല്‍കുവാനും കഴിയും. കൂട്ടായ്മയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ഇതില്‍ ബഹ്റൈനിലെ പ്രമുഖരായ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റ്കളും അടക്കം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകളെ കൂടി ഉള്‍പെടുത്തിയായിരിക്കും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുക.
ഈ കൂട്ടായ്മ കൂടുതല്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി അതിന്റെ പ്രചാരണമെന്നോണം ഈ വരുന്ന ഫെബ്രുവരി 8-ാം തീയതി ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ രാത്രി 7 മണി മുതല്‍ സാന്ത്വനസ്പര്‍ശം എന്ന പൊതുപരിപാടി നടക്കുകയാണ്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യാഥിതിയായി ബഹ്റൈന്‍ രാജ്യകുടുംബാംഗം ഹിസ് എക്സലന്‍സി ഷെയ്ഖ് സല്‍മാന്‍ ബിന്‍ അബ്ദുള്ള ഹമദ് അല്‍ ഖലീഫ മുഖ്യാധിയായി പങ്കെടുക്കും. ജീവകാരുണ്യ പാതയില്‍ ഫിറോസിന്റെ പ്രവര്‍ത്തങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഗായകന്‍ സലിം കോടത്തൂര്‍, രാജേഷ് രാമന്‍ കൊടുങ്ങല്ലൂര്‍, ജംഷീര്‍ വാടകിരിയില്‍ എന്നിവരും പങ്കെടുക്കും.
എല്ലാ വിഭാഗം ആളുകളുടെയും പൂര്‍ണ്ണപിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് ഉണ്ടാവണമെന്ന് സംഘാടകര്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ്, ഫിറോസ് കുന്നുംപറമ്പില്‍, ഫ്രാന്‍സിസ് കൈതാരത്ത് (ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍) ഹാരിസ് എ കെ വി (ജനറല്‍ കണ്‍വീണര്‍) നജീബ് കടലായി (എം ഡി . സുമി ഹോംസ്) ഗഫൂര്‍ കൈപ്പമംഗലം (ചീഫ് കോര്‍ഡിനേറ്റര്‍) ജ്യോതിഷ് പണിക്കര്‍ (ട്രഷറര്‍), മറ്റു ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, കെ എം സൈഫുദ്ദീന്‍, മിനി മാത്യു എന്നിവര്‍ പങ്കെടുത്തു. ജനറല്‍ കോര്‍ഡിനേറ്റര്‍ നാസര്‍ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി, മജീദ് തണല്‍, അന്‍സാര്‍ ശൂരനാട്, ജോയ് , ഫാസില്‍ വട്ടോളി, മൊയ്ദീന്‍ പയ്യോളി, നസീഹ് യൂസഫ് , നവാസ് അലി എന്നിവര്‍ സന്നിഹിതരായിരുന്നു.