പ്രവാസിയുടെ ആത്മഹത്യ; ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രതിഷേധം

കൊല്ലം: കൊല്ലം പുനലൂരില്‍ പ്രവാസിയായ അജയകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണനുമായി പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ബാങ്ക്. അജയകുമാറിന്റെ ആത്മഹത്യ ബാങ്ക് നടപടിയെ തുടര്‍ന്നല്ല, വായ്പ തിരിച്ചിടവ് മുടങ്ങുന്ന സമയത്ത് സാധാരണയായി സ്വീകരിക്കാറുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് സ്വീകരിച്ചതെന്നും ബാങ്ക് സെക്രട്ടറി ഷാജികുമാര്‍ പറഞ്ഞു.

മാര്‍ച്ച് 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ ജപ്തിക്ക് കഴിയില്ല, ഈ മാസം 25നകം 1.5 ലക്ഷവും മാര്‍ച്ചിനകം ബാക്കി തുകയും നല്‍കാമെന്ന് അജയകുമാര്‍ സമ്മതിച്ചിരുന്നതായും സെക്രട്ടറി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ബാങ്ക് നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

അജയകുമാര്‍ 2016 ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വീടുവയ്ക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച അജയകുമാറിന് ഹൃദയസംബന്ധമായ രോഗം മൂലം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വരേണ്ടി വന്നു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. പിന്നാലെയാണ് ജപ്തി ഭീഷണിയുമായി ബാങ്ക് അധികൃതരെത്തിയതെന്ന് അജയകുമാറിന്റെ ബന്ധുക്കള്‍ പറയുന്നു.