പാരമ്പര്യേതര ഊര്‍ജ മേഖല ശക്തിപ്പെടുത്താന്‍ ‘എനി’യും തത്‌വീര്‍ പെട്രോളിയവും കൈകോര്‍ക്കുന്നു; പുതിയ കരാറില്‍ ഒപ്പുവെച്ചു

മനാമ: പാരമ്പര്യേതര ഊര്‍ജ മേഖല ശക്തിപ്പെടുത്താന്‍ ‘എനി’യും തത്‌വീര്‍ പെട്രോളിയവും കൈകോര്‍ക്കുന്നു. തത്‌വീര്‍ പെട്രോളിയം ചെയര്‍മാനും ഓയില്‍ മിനിസ്റ്ററുമായ ഹിസ് എക്‌സലന്‍സി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയും ഇറ്റാലിയന്‍ ഓയില്‍ കമ്പനിയായ ‘എനി’യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്ലൗഡിയോ ഡെസ്‌കാല്‍സിയും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

ബഹ്‌റൈന്‍ കിരീടവകാശയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഇറ്റാലിയന്‍ സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജം, പ്രകൃതി വാതകത്തിന്റെ കൈമാറ്റം, ഇന്ധന പര്യവേഷണം തുടങ്ങിയ മേഖലകളില്‍ ഇരു കമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. രാജ്യത്തെ ഊര്‍ജ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കരാര്‍ ഗുണകരമാവും.

ബഹ്‌റൈനിലെ പെട്രോളിയം ഇന്‍ഡസ്ട്രിയെ മികവുറ്റതാക്കാന്‍ എനിയുമായി കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം സഹായിക്കുമെന്ന് ഹിസ് എക്‌സലന്‍സി ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാണിച്ചു. കരാര്‍ കമ്പനിയുടെ ‘ഗ്രീന്‍ എനര്‍ജി’യിലേക്കുള്ള പ്രത്യക്ഷമായ മാറ്റത്തെ സൂചിപ്പിക്കുന്നുവെന്നും ബഹ്‌റൈനിലെ തങ്ങളുടെ സാന്നിധ്യം ഗുണകരമാവുമെന്നും എനി സിഇഒ ക്ലൗഡിയോ ഡെസ്‌കാല്‍സി വ്യക്തമാക്കി.