പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്തി മനാമ സൂക്ക് ആധുനികവല്‍ക്കരിക്കും

മനാമ: മനാമ സൂക്ക് വികസന കമ്മിറ്റി യോഗം ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്നു. ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റിയുടെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ നദീര്‍ അല്‍ മൊയ്ദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുന്‍ മീറ്റിംഗ് മിനിറ്റ്സുകളുടെ അംഗീകാരം, മനാമ സൂക്ക് പദ്ധതിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ അവലോകനം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

ആധുനിക രീതിയിലുള്ള വികസനത്തിനൊപ്പം മനാമ സൂക്കിന്റെ ആധികാരികവും പരമ്പരാഗതവുമായ രീതി നിലനിര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടേയും സൂക്കിലെ നാല് പ്രധാന തെരുവുകളിലെ 275 കടകളുടെ മുന്‍വശങ്ങളുടേയും നവീകരണം എന്നിവ പദ്ധതിയില്‍ ഉള്‍പെടുന്നു.

ബഹ്റൈനിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാവുന്ന വിധം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മനാമ സൂക്ക് പദ്ധതിയുടെ വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങളുമായും ബിടിഇഎ പ്രവര്‍ത്തിക്കുന്നുണ്ട്.