2020 ‘ബഹ്റൈന്‍ ഫോര്‍ ഓള്‍’ ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം

മനാമ: ‘ബഹ്റൈന്‍ ഫോര്‍ ഓളിന്റെ’ 9-ാം പതിപ്പ് ആരംഭിച്ചു. ക്യാപിറ്റല്‍ ഗവര്‍ണര്‍ എച്ച്.എസ് ഹിഷാം ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖലീഫയാണ് ആഘോഷ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. 40ലധികം പ്രാദേശിക, പ്രവാസി സമൂഹത്തില്‍ നിന്നുള്ള 50,000ത്തിലധികം ആളുകള്‍ അവരുടെ സംസ്‌കാരിക പൈതൃകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരുമിക്കുന്ന വേദിയാണ് ‘ബഹ്റൈന്‍ ഫോര്‍ ഓള്‍.’

‘ലീവിംഗ് നോബഡി ബിഹൈന്‍ഡ്’ എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, തായ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലകാരന്മാര്‍ ഈ വര്‍ഷത്തെ ആഘാഷത്തില്‍ പങ്കെടുക്കും.

ബഹ്റൈന്‍ റാപ്പര്‍ ഫ്ളിപ്പേരാച്ചിയുടെ സംഗീത വിരുന്നാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഇതാദ്യമായി ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ‘സെന്‍സറി റൂമും’ മേളയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരാണ് ഈ റൂം പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നത്. പഠനം വൈകല്യം, ബുദ്ധി വികാസത്തിലെ തളര്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കുന്ന വിധത്തിലാണ് സെന്‍സറി റൂം നിര്‍മ്മിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഓഫീസിന്റെ നേരിട്ടുള്ള സഹായ സഹകരണങ്ങളോടെയാണ് ‘ബഹ്റൈന്‍ ഫോര്‍ ഓള്‍’ നടക്കുന്നത്.