ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ദുബായില്‍; ആവേശത്തോടെ പ്രവാസി സമൂഹം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിനായി ദുബായിൽ എത്തി. രാഹുൽ ഇന്ന് വൈകുന്നേരം ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്യും. നാളെ അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹം ഒരുക്കുന്ന ചടങ്ങിലും രാഹുല്‍ പങ്കെടുക്കും. രാഹുൽ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഒപ്പമുണ്ടാകും.

ഇന്നലെ രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധിക്ക് പ്രവാസി സമൂഹം വന്‍ വരവേല്‍പാണ് ഒരുക്കിയത്. രാഷ്ട്രീയ നേതാക്കളെ ദുബൈയിലെ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇത്തരത്തില്‍ സ്വീകരിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. നൂറുകണക്കിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ തടിച്ചുകൂടിയത്.

രാഹുൽ ഗാന്ധി ഇന്ന്‌ എം എ യുസുഫലിയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫിൽ കഴിയുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യൂസുഫലി രാഹുലിനെ ധരിപ്പിച്ചു. നാളെ അബുദാബിയിൽ യൂസുഫാലിയും ബി ആർ ഷെട്ടി യും നേതൃത്വം കൊടുക്കുന്ന IBPG രാഹുലിന് ഔദ്യോഗിക സ്വീകരണം നൽകുന്നുണ്ട്.
ഇന്ന്‌ ദുബായിൽ ബ്രേക്ക്‌ ഫാസ്റ്റ് മീറ്റിങ്ങിൽ ആണ് ഇരുവരും ചർച്ച നടത്തിയത്. വ്യാപാര മേഖലയിലെ മറ്റു പ്രമുഖരും സംബന്ധിച്ചു.

ഇന്ന് രാവിലെ ജബല്‍അലിയിലെ ലേബര്‍ ക്യാമ്പില്‍ രാഹുല്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചക്ക് രണ്ടിന് ദുബൈയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി സംവദിക്കും. യു.എ.ഇ സമയം വൈകുന്നേരം നാലിനാണ് സാംസ്കാരിക സമ്മേളനം. മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍ ഇന്ത്യ എന്ന ആശയം എന്ന വിഷയത്തില്‍ രാഹുല്‍ സംസാരിക്കും. കാല്‍ലക്ഷത്തിലേറെ പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കുന്നത്. സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നതെങ്കിലും ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ ഒരുക്കത്തിലാണ് ഗള്‍ഫിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍.‌‌‌ മോദിയുടെ സന്ദർശന വേളയിൽ എത്തിയതിലും കൂടുതൽ പ്രവാസികൾ രാഹുലിനെ കാണാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.