പാലസ്തീന്‍ ജനതയ്ക്കുള്ള ബഹ്‌റൈന്റെ പിന്തുണ ഉറപ്പുവരുത്തണം; സ്പീക്കര്‍ ഫൗസിയ സൈനുള്‍

മനാമ: പാലസ്തീനിയന്‍ ജനയ്ക്കുള്ള പിന്തുണ ബഹ്‌റൈന്‍ ഉറപ്പുവരുത്തണമെന്ന് സ്പീക്കര്‍ ഫൗസിയ സൈനുള്‍. 30-മത് അറബ് പാര്‍ലമെന്റ് എമര്‍ജന്‍സി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫൗസിയ സൈനുള്‍ ഇക്കാര്യം പറഞ്ഞത്. അറബ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ പാലസ്തീനിയന്‍ ജനതയൊടപ്പം നില്‍ക്കേണ്ട സമയമാണിത്. പ്രദേശികമായ എല്ലാ പ്രശ്‌നങ്ങളും മാറ്റിവെച്ചുകൊണ്ട് അറബ് രാഷ്ട്രങ്ങള്‍ പാലസ്തീനിനൊപ്പം നിലകൊള്ളണമെന്നും ഫൗസിയ ആവശ്യപ്പെട്ടു.

പാലസ്തീനിയന്‍ ജനത സമീപകാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി രാഷ്ട്രീയ ഇടപെടലുണ്ടാകണമെന്നും സമാധാന ചര്‍ച്ചകള്‍ അറബ് രാഷ്ട്രങ്ങള്‍ നേതൃത്വം നല്‍കണമെന്നും ഫൗസിയ ഊന്നിപ്പറഞ്ഞു. പാലസ്തീനിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ടത് അറബ് ജനതയുടെ ആവശ്യമാണെന്നും സ്പീക്കര്‍ അടിവരയിട്ടു.

പാലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് അറബ് രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സ്പീക്കര്‍ മുന്‍പും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹവും പാലസ്തീനിന് വേണ്ടി നിലകൊള്ളണമെന്ന് ഫൗസിയ അഭ്യര്‍ത്ഥിച്ചു. ഇസ്ലാമിക സമൂഹത്തിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പുരാതന നഗരമായ ജെറുസലേം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധന നടത്താന്‍ പാല്‌സീനികള്‍ക്ക് നിലവില്‍ അനുവാദമില്ല. പാലസ്തീനിന്റെ ഹൃദയഭാഗങ്ങളായ ഈ പ്രവശ്യകള്‍ ഇന്ന് ഇസ്രേയേലിന്റെ കൈകളിലാണ്.