കൊറോണ വൈറസ്: ആശങ്ക ഒഴിയുന്നു, ബഹ്‌റൈനില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആര്‍ക്കും രോഗബാധയില്ല

മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന ആര്‍ക്കും രോഗമില്ല. 28 സ്വദേശികളും 11 വിദേശികളും ഉള്‍പ്പെടെ 39പേരാണ് ബഹ്‌റൈനില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ചൈനയില്‍ നിന്നും ഉത്ഭവിച്ച നോവല്‍ കൊറോണവൈറസ് ഇവരിലേക്ക് പടര്‍ന്നതായിട്ടായിരുന്നു സംശയം. എന്നാല്‍ ലാബ് ടെസ്റ്റുകള്‍ പൂര്‍ത്തിയായതോടെ ഇവര്‍ക്ക് ആര്‍ക്കും തന്നെ വൈറസ് ബാധയേറ്റിട്ടില്ലെന്ന് വ്യക്തമായി. ഹെല്‍ത്ത് മിനിസ്ട്രി അണ്ടര്‍സെക്രട്ടറി ഡോ. വലീദ് അല്‍ മെനയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യാജ വാര്‍ത്ത് പ്രചരിച്ചിരുന്നു. ആരോഗ്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചതോടെ വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമായി. വൈറസ് ബാധ രാജ്യത്തേക്ക് എത്താതിരിക്കാന്‍ വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് ആരോഗ്യമന്ത്രാലയം കൈകൊണ്ടിരിക്കുന്നത്. ചൈനയില്‍ നിന്നെത്തുന്നവര്‍ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ ചൈനയില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണ വാര്‍ഡുകളില്‍ താമസിപ്പിക്കുമെന്ന് ഡോ. മെന പറഞ്ഞു.

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ഉര്‍ന്നെങ്കിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കുകള്‍ പ്രകാരം പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ചൈനീസ് ആരോഗ്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

കൂടുതല്‍പേരും മരിച്ചത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. എന്നാല്‍, ഹുബൈയിലും വുഹാനിലും അതിഗുരുതരമായി തുടരുകയാണ്. ബ്രിട്ടനിലും സ്പെയിനിലും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. സിങ്കപ്പൂരില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രത തുടരുകയാണ്. സിങ്കപ്പൂരില്‍ 40 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.