ഡല്‍ഹിയില്‍ കെജ്രിവാള്‍ തരംഗം, അധികാരത്തിലേക്ക്; ബി.ജെ.പിക്ക് നിലതെറ്റി, കോണ്‍ഗ്രസിന് സംപൂജ്യം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം.ആദ്.മി പാര്‍ട്ടിയുടെ മുന്നേറ്റം. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആം ആദ്മി പാര്‍ട്ടി 56 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 14 സീറ്റുകളിലും. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്. ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 53 ശതമാനത്തിലേറെ വോട്ട് വിഹിതം ആം.ആദ്.മിക്ക് ലഭിച്ചു. റെക്കോര്‍ഡ് വോട്ടുവിഹിതമാണിത്. ബി.ജെ.പിക്ക് 39 ശതമാനം വോട്ടുവിഹിതം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 5 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

ശഹീന്‍ബാഗ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. കെജ്രിവാള്‍ തരംഗമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഡല്‍ഹിയ തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 13000ത്തിലേറെ വോട്ടുകള്‍ക്ക് കെജ്രിവാള്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിലെത്തിയെങ്കിലും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.


അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 859 വോട്ടുകള്‍ക്ക് പിന്നിലാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുല്ലഖാന്‍ 70514 വോട്ടുകളുടെ ലീഡില്‍ തുടരുകയാണ്. ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയെ തിരസ്‌കരിച്ച ജനങ്ങളെ അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.