തെരഞ്ഞെടുപ്പ് പരാജയം; മൗനം തുടര്‍ന്ന് അമിത് ഷാ, ബി.ജെ.പി പാളയത്തില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി പാളയത്തില്‍ ആശങ്ക. പരാജയത്തെക്കുറിച്ച് കേന്ദ്രം നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി നേരിടുന്നതായി പാര്‍ട്ടിക്കുള്ളില്‍ വികാരം ഉയരുന്നതായിട്ടാണ് സൂചന. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പരാജത്തെക്കുറിച്ച് പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായിട്ടില്ല. വര്‍ഗീയതയ്‌ക്കെതിരായ വിജയമാണ് ഡല്‍ഹിയിലേതെന്ന് നേരത്തെ ആംആദ്മി ചൂണ്ടിക്കാണിച്ചിരുന്നു.

35 പൊതുയോഗങ്ങളും റോഡ് ഷോകളുമായി ഡല്‍ഹി തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് അമിത് ഷായാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യ നാഥ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും സജീവമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി വെറും 8 സീറ്റിലേക്ക് ഒതുങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനത്തിലേറെ വോട്ടുകള്‍ ബി.ജെ.പി നേടിയിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 38 ശതമാനത്തിലേക്ക് ഒതുങ്ങി.

കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ രാജി വച്ചെങ്കിലും നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ ഒരുമിച്ചതിന് നന്ദിയെന്നാണ് ആംആദ്മിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഫലപ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്. ശഹീന്‍ ഭാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആപ്പിന്റെ അമാനത്തുല്ല ഖാന്‍ വിജയിച്ചത് വന്‍ ഭൂരിപക്ഷത്തിലാണ്. എന്‍.ആര്‍.സി, സി.എ.എ വിഷയങ്ങള്‍ ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. അമിത് ഷായുടെ വ്യക്തിപ്രഭാവം മങ്ങിത്തുടങ്ങിയെന്നും നിരീക്ഷണങ്ങള്‍ പുറത്തുവരുന്നുണ്ട്.