കൊറോണ വൈറസ്; ചൈനയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം, മരണം 1,355 കവിഞ്ഞു

ബെയ്ജിംഗ്: കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാനാവാതെ ചൈന. ബുധനാഴ്ച്ച മാത്രം വൈറസ് ബാധയേറ്റ് 242 പേര്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചൈനയില്‍ മരണ സംഖ്യ 1,355 ആയി ഉയര്‍ന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ 60,000 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.

വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബേയിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തെ നീക്കം ചെയ്തിട്ടുണ്ട്. കുറഞ്ഞത് 25 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ ഹുബൈയില്‍ നിന്ന് തിരികെ വിളിച്ചിട്ടുണ്ട്.

ചൈനയെ കൂടാതെ ഹോങ്കോങ്ങിലും ഫിലിപൈന്‍സിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു. 80 വയസ് പ്രായമുള്ള വയോധികയ്ക്കാണ് രോഗബാധ. ഇന്ത്യയിലും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു.എ.ഇ, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.