ആംആദ്മി നല്‍കുന്ന വിജയ പാഠങ്ങള്‍; പങ്കജനാഭന്‍ എഴുതുന്നു

പങ്കജനാഭന്‍

ഇന്ത്യയിലെ എല്ലാ പ്രതിപക്ഷങ്ങള്‍ക്കും, സംഘപരിവാര്‍ പിന്തുണക്കാരല്ലാത്ത ജനവിഭാഗങ്ങള്‍ക്കും, ആംആദ്മി പാര്‍ട്ടിയോട് പലതരത്തിലുള്ള വിയോജിപ്പുളളവര്‍ക്കും പൊതുവെ ആശ്വാസകരവും ആവേശകരവുമാണല്ലോ കെജ്രിവാളിന്റെയും ആപ്പിന്റെയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയം. കേന്ദ്ര സര്‍ക്കാര്‍, അതിനെ നയിക്കുന്ന സകല നേതാക്കളുടെയും ശക്തമായ പ്രവര്‍ത്തനം എന്തു ഉപായങ്ങള്‍ ഉപയോഗിച്ചും ഡല്‍ഹി പിടിക്കുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമായിരുന്നു.

സി.എ.എ, എന്‍.ആര്‍.സി ബില്ലുകള്‍ക്കെതിരെ ഇന്ത്യ മുഴുവന്‍ നടക്കുന്ന സമരങ്ങളുടെ ഒരു കേന്ദ്ര പ്രദേശം കൂടെയാണ് നിലവില്‍ രാജ്യ തലസ്ഥാനം. വിദ്യാര്‍ത്ഥി, യുവജന ശക്തി ജ്വലിക്കുന്ന ക്യാമ്പസുകളും ഇവിടെ തന്നെ. ആഭ്യന്തര വകുപ്പ് സംസ്ഥാന ഭരണകൂടത്തിന്റെ കൈയ്യിലില്ലെങ്കിലും മറ്റൊരു രാഷ്ട്രീയ ശക്തിയുടെ പ്രബലമായ സാന്നിധ്യം കേന്ദ്രത്തിന് തെല്ല് അലോസരം തന്നെയാണ്.

ഫാസിസ്റ്റ് രാഷ്ട്രീയമെന്നത് മറ്റു പാര്‍ട്ടികളെ പോലെയല്ല. വെറുപ്പിന്റെ രാഷ്ട്രീയ ആശയം മുഖമുദ്രയാക്കിയ മതവും ദേശീയത തുടങ്ങിയ വൈകാരികതകള്‍ മാത്രമുപയോഗിച്ച് വ്യാജ വാര്‍ത്തകളും മിഥ്യാഭിമാനവും നിര്‍മ്മിച്ച് മനുഷ്യരെ വിഭജിച്ച് അധികാരം നിലനിര്‍ത്തുകയെന്നതാണ് അതിന്റെ പ്രധാന കുതന്ത്രം. മധ്യവര്‍ഗ ആധിക്യമുളള ഇന്നത്തെ കാലത്ത് അതും വളരെ കൂടിയ ഡല്‍ഹി പോലെ യുള്ള മെട്രോകളില്‍ സംഘപരിവാറിന് കിട്ടുന്ന പിന്തുണ സങ്കല്‍പ്പിക്കാന്‍ കഴിയുന്നതല്ല.

മറ്റൊന്നാണ് സംഘപരിവാര്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാമൂഹിക അജണ്ട. മണ്ടത്തരം എന്നും ട്രോള്‍ എന്നും തോന്നുന്ന സോഷ്യല്‍ മീമുകള്‍ പോലും ഇത്തരം അജണ്ട സെറ്റിംഗ് ഭാഗമാണ്. അഥവാ അവര്‍ കൊരുത്തിടുന്ന ചൂണ്ടയിലെ ഇരകളില്‍ കടിച്ചു തൂങ്ങി കുടുങ്ങുന്നവരാവുകയെന്നതാണ് മറ്റു പാര്‍ട്ടികളുടെ പോലും അവസ്ഥയെന്ന് വന്നു.

ഇന്ത്യയിലെ പ്രശ്‌നം പറയുമ്പോള്‍ പാക്കിസ്ഥാന്‍ എന്നും ഇന്ത്യക്കാരന്‍ എന്ന് പറയുമ്പോള്‍ മുസ്ലീം എന്നും ന്യായ വൈകല്യങ്ങളുടെ ബദല്‍ നിരത്തി ന്യായീകരണം ചമയ്ക്കുന്ന വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ വരെ സോദ്ദേശ സാമൂഹ്യ സൈക്കി നിര്‍മ്മാണമാണ്. ഇതിലാവട്ടെ മിക്ക പാര്‍ട്ടികളും കുരുങ്ങുകയും ചെയ്തു.

മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങള്‍ ഉയര്‍ത്തി കാട്ടി സമരമുയര്‍ത്തേണ്ട ഇടതുപക്ഷങ്ങള്‍ പോലും അങ്കലാപ്പിലായി. ഏത് കര്‍ഷക സമരത്തേയും ഒരു പാക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്ക് കഥ കൊണ്ടോ ഒരു ദേശവിരുദ്ധ ലേബല്‍ കൊണ്ടോ നിര്‍ജീവമാക്കാവുന്ന അവസ്ഥ. ഇതിനിടയിലാണ് കെജ്രിവാള്‍ പരിമിത അധികാരമുളള ഒരു സര്‍ക്കാറുമായി, അതിന്റെ ജനഹിത പദ്ധതികളുമായി മുമ്പോട്ട് പോയത്.

പ്രതിപക്ഷമില്ലാതിരുന്ന സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിപക്ഷം ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ ആയിരുന്നു. കൊണ്ടുവന്ന സമൂല രാഷ്ട്രീയ മാറ്റമുണ്ടാക്കാവുന്ന ബില്ലുകള്‍ തടഞ്ഞും, പദ്ധതികള്‍ തടഞ്ഞുവെച്ചും ആവുന്ന പ്രതിസന്ധികള്‍ സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയു മെല്ലാം പോലീസ് റെയ്ഡ്. കൂടാതെ അര്‍ബന്‍ നക്‌സല്‍ എന്ന് തുടങ്ങി ടെററിസ്റ്റ് എന്ന് വരെയുള്ള പ്രചാരണം. ഇന്ത്യയിലെ ഒരു സംസ്ഥാന സര്‍ക്കാറും അനുഭവിക്കാത്ത പ്രതിബന്ധങ്ങളിലൂടെയാണ് കെജ്‌റിവാള്‍ ഭരണം നടത്തിയത്.

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനിലാവട്ടെ പ്രതീക്ഷിക്കാത്ത തോല്‍വി. സ്‌കൂള്‍ പരിഷ്‌കരിച്ച് വിദ്യാഭ്യാസ നവീകരണം, ആരോഗ്യ രംഗത്ത് പരിഷ്‌കരണം, പദ്ധതികള്‍ ലക്ഷ്യ സമയത്ത് പൂര്‍ത്തീകരിച്ച് ധനം ലാഭിച്ചും മിച്ചബജറ്റ് അവതരണം. വൈദ്യുതി, വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയ പല സൗജന്യവും ജനത്തിന് നല്‍കിയിട്ടും സ്റ്റേറ്റ് സാമ്പത്തിക ലാഭത്തിലെത്തിച്ചു. പ്രതിമ നിര്‍മിച്ചും അഴിമതി വിമാനം വാങ്ങിച്ചും പണം തുലയ്ക്കുന്നവരാണ് ഇതൊക്കെ ഉല്‍പാദന ക്ഷമമല്ലാത്ത നടപടികളാണ് എന്ന് പരിഹസിക്കുന്നത്.

നിലവിലെ ഇലക്ഷന്‍ രംഗമാവട്ടെ ഇന്ത്യ മുഴുവന്‍ കൃത്യമായ വളരെ സെന്‍സിറ്റീവായ പ്രശ്‌നത്തിലൂടെയും സമരങ്ങളിലൂടെയും കടന്ന് പോവുന്ന സമയം. സാധാരണ ജനങ്ങള്‍ കൃത്യമായും ഹിന്ദുവും മുസ്‌ളീമുമൊക്കെയായി പിരിഞ്ഞു നില്‍ക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ച് തീര്‍ത്തും അനുകൂലം. ഭൂരിപക്ഷ ഹിന്ദുവിന്റെ കര്‍തൃത്വം ഹിന്ദുത്വ മായി അവര്‍ ഏറ്റെടുത്തിരിക്കുന്നു. മതേതരത്തം ജനാധിപത്യം ഭരണ ഘടന ഇതൊന്നും അവര്‍ക്ക് ബാധകമോ സംരക്ഷിക്കേണ്ട ബാധ്യതയുളളതോയല്ല. വര്‍ഗീയ അജണ്ടയില്‍ ഹിന്ദു – മുസ്‌ളീം ധ്രുവീകരണമുണ്ടാക്കുന്ന എന്തും അവര്‍ ക്കനുകൂലമാകുന്ന കാലം.

ഇവിടെയാണ് അവരുടെ ഒരു ചൂണ്ടയിലും കൊത്താതെ, തന്റെ ഭരണം അതിന്റെ നേട്ടം മാത്രം ജനങ്ങളോട് പറഞ്ഞു കൊണ്ടു സഹിഷ്ണുതയോടെ എല്ലാ വിമര്‍ശനങ്ങളെയും നേരിട്ട് കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫാസിസ്റ്റ് നുണ പ്രചാരണങ്ങളെ അതേ രീതിയി ല്‍ വൈകാരികമായി വാക് കസര്‍ത്ത് കൊണ്ട് നരിടുന്നതിന് പകരം അവരെ അധികാരഭ്രഷ്ടമാക്കുന്നത് തന്നെയാണ് യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം.

മതം പറയാതെ ദേശീയതയും ദേശസ്‌നേഹവും പറയാതെ മനുഷ്യരുടെ ദൈനം ദിന ജീവിത പ്രശ്‌നങ്ങളെ സാമൂഹിക സാമ്പതി കവികാസത്തെ വിദ്യാഭ്യാസത്തെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് മാത്രമെ ഫാസിസത്തെ പ്രതിരോധിക്കാനാവു. ഇന്ത്യയിലെ സത്യസന്ധത യുളള ഏത് പാര്‍ട്ടികള്‍ക്കും അത് കൊണ്ടു പിന്തുടരാവുന്ന ഒരു മാതൃക കൂടിയാണ് ആപ്പ് കാണിച്ചിരിക്കുന്നത്.

പ്രതിപക്ഷ ഐക്യം ഇത്തരം ബദല്‍ സാമൂഹിക സുരക്ഷിതത്വ രാഷ്ട്രീയം ഇവയാണ് ഫാസിസത്തിന് ബദല്‍. ഡല്‍ഹി എന്ന പരിമിത വൃത്തം മറികടന്ന് ഒരു നാഷണല്‍ നേതാവ് ആവുകയെന്നത് കൂടെ കെജ്രിവാള്‍ ചെയ്യേണ്ടതുണ്ട്. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ പ്രതീക്ഷയും വഴിയും നല്‍കുമെന്ന് കരുതാം.