കണ്ണൂര്‍ ഷെരീഫും സംഘവും എത്തി; കണ്ണൂര്‍ ഫെസ്റ്റ്-2020 ഇന്ന്, വെള്ളിയാഴ്ച

മനാമ: കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈനിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന കണ്ണൂര്‍ ഫെസ്റ്റ്-2020ല്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ശരീഫ്, ഗായിക ആഷിമ മനോജ് മറ്റു കലാകാരന്മാരും ബഹ്റൈനില്‍ എത്തിച്ചേര്‍ന്നു. കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ഇവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

പ്രസിഡന്റ് നജീബ് കടലായി, ജനറല്‍ സെക്രട്ടറി ബേബി ഗണേഷ്, ഖജാന്‍ജി മൂസക്കുട്ടി ഹാജി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 1 മണി മുതല്‍ രാത്രി 11മണി വരെയാണ് കണ്ണൂര്‍ ഫെസ്റ്റ് നടക്കുക. മനാമ അല്‍ രാജാ സ്‌കൂളില്‍ വെച്ചു നടക്കുന്ന ഫെസ്റ്റില്‍ വടംവലി മത്സരം, പാചക മത്സരം, കുട്ടികള്‍ക്കായി ഡ്രോയിങ് തുടങ്ങി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഫെസ്റ്റില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് വാദ്യ ശ്രേഷ്ഠ പുരസ്‌കാരവും, കണ്ണൂര്‍ ഷെരീഫിന് സംഗീത ശ്രേഷ്ഠ പുരസ്‌കാരവും നല്‍കി ആദരിക്കും. തുടര്‍ന്ന് നടക്കുന്ന സംഗീത നിശയില്‍ കണ്ണൂര്‍ ശരീഫ്, അഷിമ മനോജ്, വിജിത ശ്രീജിത്ത് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. സോപാനം സന്തോഷിന്റെ നേതൃത്വത്തില്‍ ചെണ്ട മേളവും മറ്റു കലാപരിപാടികളും ചടങ്ങിന്റെ മാറ്റ് കൂട്ടും.