കൊറോണ വൈറസ്; ചൈനയില്‍ ദശലക്ഷകണക്കിന് പേര്‍ ജോലി ചെയ്യുന്നത് വീടുകളില്‍ വെച്ചു തന്നെ, ഓഫീസുകള്‍ പൂട്ടികിടക്കുന്നു!

ബെയ്ജിംഗ്: കൊറോണ വൈറസ് പടരുന്നത് നിയന്ത്രാണാതീതമായി തുടര്‍ന്ന സാഹചര്യത്തില്‍ ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ദശലക്ഷകണക്കിന് പേര്‍ ജോലി ചെയ്യുന്നത് വീടുകളിലേക്ക് മാറ്റി. വൈറസ് നിയന്ത്രണാതീതമായി പടരുന്നതിനെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചൈനയിലെ മിക്ക ഓഫീസുകളും ഫാക്ടറികളും താല്‍കാലികമായി പൂട്ടികിടക്കുകയാണ്.

ജനുവരി 23 മുതല്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ചില നഗരങ്ങളില്‍ യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ ചൈനയിലെ പതിനായിരകണക്കിന് കമ്പനികളേയും ലക്ഷകണക്കിന് ജീവനക്കാരേയും പ്രതികുലമായി ബാധിച്ചിട്ടുണ്ട്.

ദിവസം തോറും രാജ്യത്ത് രോഗികളുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ മതിയായ തോതില്‍ സുരക്ഷാ ഉപകരണങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. രോഗം പടരാതിരിക്കാന്‍ ഉപയോഗിക്കുന്ന മുഖാവരണം പോലുള്ളവ ഡോക്റ്റര്‍മാര്‍ക്കടക്കം ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ടി വരുന്നു.

വൈറസ് ബാധിച്ച് ഇതുവരെ എണ്ണം 1383 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. മരിച്ചവരില്‍ ഡോക്ടര്‍ അടക്കം 6 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 1716 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ചൈനീസ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.