പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപോരാട്ടം വിജയം കണ്ടു; ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി 48 മണിക്കൂര്‍ കാത്തിരിക്കേണ്ടതില്ല

അജ്മാന്‍: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി 48 മണിക്കൂര്‍ കാത്തിരിക്കേണ്ടതില്ല. പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് ഇത് സംബന്ധിച്ച നിയമക്കുരുക്ക് നീങ്ങിയത്. മൃതദേഹമോ ചിതാഭസ്മമോ വിദേശ രാജ്യത്തുനിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യന്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസറെ അറിയിക്കണമെന്നാണ് എയര്‍ ഇന്ത്യയുടെ ഉത്തരവ്. 1954ലെ എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങളുടെ 43ാം വകുപ്പ് പ്രകാരമാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ ഉത്തരവിനെതിരെ പ്രവാസികള്‍ രംഗത്ത് വന്നു. ഈ നിയമക്കുരുക്ക് പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടെ അറിയിക്കുകയും ചെയ്തിരുന്നു. എയര്‍ ഇന്ത്യയുടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ അനുകൂല നിലപാട് വരാതിരുന്നതോടെ പ്രവാസി ലീഗല്‍ സെല്‍ വിഷയത്തില്‍ ഇടപെട്ടു.

2017 ജൂലൈയില്‍ ഡല്‍ഹി ഹൈകോടതിയില്‍ പ്രവാസി ലീഗല്‍ സെല്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയിലാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.