ബഹ്‌റൈന്‍ ഭക്ഷണമേളയുടെ തിയതികള്‍ പ്രഖ്യാപിച്ചു; ഇത്തവണത്തെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്!

മനാമ: ബഹ്‌റൈന്‍ ഭക്ഷണമേളയുടെ 5-ാം പതിപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ ഭക്ഷണമേള നടക്കുകയെന്ന് സംഘാടകരായ ബഹ്‌റൈന്‍ ടൂറിസം, എക്‌സിബിഷന്‍സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മേളയുടെ ആദ്യഘട്ടം ഫെബ്രുവരി 20 മുതല്‍ 29വരെയും രണ്ടാം ഘട്ടം മാര്‍ച്ച് 5 മുതല്‍ 14 വരെയുമായിരിക്കും. ബഹ്‌റൈന്‍ ബേയിലാണ് മേള നടക്കുക. രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഭക്ഷണമേള സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബഹ്‌റൈന്‍ ഭക്ഷണമേളയുടെ കഴിഞ്ഞ പതിപ്പുകള്‍ ജനപങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഞായര്‍ മുതല്‍ ബുധനാഴ്ച്ച വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെയാകും മേള നടക്കുക. വ്യാഴം മുതല്‍ ശനിയാഴ്ച്ച വരെയുള്ള ദിനങ്ങളില്‍ വൈകീട്ട് നാല് മുതല്‍ 12 മണി വരെയും മേളയിലെ സ്റ്റാളുകള്‍ തുറക്കും. ഇത്തവണ 100ലധികം പേരാണ് മേളയില്‍ പങ്കാളികളാകുന്നത്. പാരമ്പര്യ ബഹ്‌റൈന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മുതല്‍ വിദേശ രാജ്യങ്ങളിലെ സ്‌പെഷ്യല്‍ ഭക്ഷണങ്ങളും മേളയിലൊരുങ്ങും.

സ്വദശേികളും വിദേശികളും ഉള്‍പ്പെടുന്ന വലിയ ജനപങ്കാളിത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള പാര്‍ക്കുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.