റിയാദ്: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ മാറാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലായിരുന്നു യോഗം. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ കൃത്യമായ വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമെ കടത്തി വിടാവൂവെന്ന് യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നു. കൊറോണ ബാധയേറ്റവര്‍ക്ക് മികച്ച ചികിത്സാരീതികള്‍ ലഭ്യമാക്കിയ യു.എ.ഇയെ യോഗം അഭിനന്ദിച്ചു.
കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈനീസ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അറബ് രാജ്യങ്ങള്‍ വ്യക്തമാക്കി. നേരത്തെ ബഹ്‌റൈന്‍ അടിയന്തര ആവശ്യമെന്ന നിലയ്ക്ക് ചൈനയിലേക്ക് മുഖാവരണങ്ങള്‍ എത്തിച്ചിരുന്നു. പ്രതിരോധ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് യോഗം വ്യക്തമാക്കി.
അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 132 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം പടരുന്നതിന്റെ തോത് കുറയുന്നുണ്ടെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.