മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷിക ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. 2019-20 അധ്യയന വർഷത്തിന്റെ അവസാനത്തിൽ പാഠ്യേതര നേട്ടങ്ങളെ അഭിനന്ദിക്കുന്നതിനുള്ള ഒരു സംഗീത സാന്ദ്രമായ പരിപാടിയായിരുന്നു വ്യാഴാഴ്ച നടന്ന വാർഷിക ദിനാഘോഷം.
മുഖ്യാതിഥി ഇന്ത്യൻ എംബസി രണ്ടാം സെക്രട്ടറി രേണു യാദവ്, സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻ എസ്, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഐ.എസ്.ബി @ 70 ജനറൽ കൺവീനർ മുഹമ്മദ് ഹുസൈൻ മാലിം, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ്, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ മത്സരങ്ങളിലെ 4 മുതൽ 9 വയസ്സുവരെയുള്ള 180 ഓളം സമ്മാന ജേതാക്കളെ ചടങ്ങിൽ അനുമോദിച്ചു. ജൂനിയർ ബാൻഡും സ്കൗട്സ് ട്രൂപ്പും വിശിഷ്ടാതിഥികളെ സ്വീകരിച്ചതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം , വിശുദ്ധ ഖുർആൻ പാരായണം, സ്‌കൂൾ ഗാനാലാപനം, ദീപം തെളിയിക്കൽ എന്നിവ നടന്നു. മുഖ്യാതിഥി രേണു യാദവിനെയും മറ്റ് വിശിഷ്ടാതിഥികളെയും പമേല സേവ്യർ സ്വാഗതം ചെയ്തു. പ്രിൻസ് എസ് നടരാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സുസ്ഥിര വികസന സംരംഭങ്ങളിലെ പുരോഗതിക്ക് രണ്ട് കാമ്പസുകളുടെയും നേട്ടങ്ങളെ അഭിനന്ദിച്ചു. രേണു യാദവ് പരിപാടിയുടെ മികവിനെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വം വളർത്തിയെടുക്കുന്നതിനുള്ള ടീം റിഫയുടെ ശ്രമങ്ങളെ സജി ആന്റണി അഭിനന്ദിച്ചു. കുരുന്നുകളുടെ തിളക്കമാർന്ന പ്രകടനങ്ങളെ സദസ് കരഘോഷത്തോടെ സ്വീകരിച്ചു. ഹെഡ് ബോയ് ഇഷാൻ വിജേഷിനൊപ്പം ഹെഡ് ഗേൾ രുതുജ ജാദവ് നന്ദി പറഞ്ഞു.