രാജ്ദീപ് സര്‍ദേശായി ഇന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവ വേദിയിലെത്തും

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവ വേദിയില്‍ ഇന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ രാജ്ദീപ് സര്‍ദേശായി എത്തും. വൈകീട്ട് 7.30നാണ് രാജ്ദീപ് സര്‍ദേശായി പങ്കെടുക്കുന്ന പരിപാടി. ഏറെ വിവാദമായ അദ്ദേഹത്തിന്റെ ഹൗ മോദി വിന്‍ 2019 എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇതിനോട് അനുബന്ധിച്ച് നടക്കുന്നതായിരിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരിലൊരാളായ രാജ്ദീപ് സര്‍ദേശായി സംഘപരിവാറിന്റെ വിദ്വേഷ നയങ്ങള്‍ക്കെതിരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ്.

ബഹ്റൈനിലെത്തിയ രാജ്ദീപ് സർദേശായിയെ സമാജം ഭാരവാഹികൾ സ്വീകരിക്കുന്നു

നേരത്തെ റിപബ്ലിക്ക് ടിവി ചാനല്‍ പോലുള്ള സംഘപരിവാര്‍ പ്രചാരണ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടെടുത്ത വ്യക്തിയാണ് രാജ്ദീപ് സര്‍ദേശായി. ജാമിയ മില്ലിയയില്‍ സി.എ.എ വിരുദ്ധ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായപ്പോള്‍ വ്യാജ വാര്‍ത്ത നല്‍കിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ടിവി തനി വിഷമാണെന്നും ചാനലിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് എങ്കിലും സസ്പെന്റ് ചെയ്യാന്‍ ഈ വ്യാജ വാര്‍ത്ത ധാരാളമാണെന്നും രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്.

രാജ്യത്തെ സംഘപരിവാര്‍ നയങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്നും രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാണിച്ചിരുന്നു. ഗുജറാത്ത് വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന് 2002ല്‍ അന്താരാഷ്ട്ര പുരസ്‌കാരവും 2008ല്‍ പത്മ ശ്രീ പുരസ്‌കാരവും രാജ്ദീപ് സര്‍ദേശായിക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യ ടുഡേ ടെലിവിഷന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്.