മനാമ: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദ് സാഹിബ് മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ നേതാവാണെന്ന് നിയമസഭാ പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍. ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ ഇ. അഹമ്മദ് അനുസ്മരണവും കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. അഹമ്മദ് സാഹിബ് തന്റെ പ്രഭാഷണങ്ങളൊക്കെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍ത്തുകൊണ്ടാണ് നടത്തിയിരുന്നത്. ജീവിതകാലം മുഴുവന്‍ ഹരിത പതാക നെഞ്ചോടു ചേര്‍ത്തുവച്ച ഇ. അഹമ്മദ് സാഹിബ് വാര്‍ധക്യത്തില്‍ പോലും രാഷ്ട്രീയ-സേവന മേഖലകളില്‍ കര്‍മനിരതനായിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ച അദ്ദേഹം തന്റെ വളര്‍ച്ചയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും കൂടെ കൂട്ടിയിരുന്നു.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും പാര്‍ലമെന്റിലുണ്ടായിരുന്ന സമയത്താണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അത് അദ്ദേഹം തന്റെ പാര്‍ലമെന്റേറിയന്‍ ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളുടെ ഫലം കൂടിയാണ്. എല്ലായിപ്പോഴും പോരാളിയായിരുന്ന അദ്ദേഹത്തിന്റെ മരണവും ഒരു പോരാട്ടമായിരുന്നു. അത് ഇന്ത്യന്‍ ജനത മുഴുവന്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എല്ലാതലത്തിലും ഇ. അഹമ്മദ് സാഹിബ് സമ്പൂര്‍ണ വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി പ്രവാസികള്‍ക്ക് സുരക്ഷിതബോധം നല്‍കുന്ന പ്രസ്ഥാനമാണ്. പ്രവാസലോകത്തുനിന്ന് നാട്ടിലുള്ളവര്‍ക്ക് പോലും സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് കെ.എം.സി.സിയെ മറ്റ് കൂട്ടായ്മകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനാമ ഗോള്‍ഡ് സിറ്റി ബില്‍ഡിങ്ങിലെ കെ.സിറ്റി ബിസിനസ് സെന്ററില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എ.കെ ഹബീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് ഇ. അഹമ്മദ് അനുസ്മരണം നടത്തി. കെഎംസിസി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതം പറഞ്ഞു. ബഹ്‌റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോവുന്ന കെഎംസിസി മുൻ വൈസ് പ്രസിഡന്റ് ടി.പി മുഹമ്മദലിക്കുള്ള മൊമെന്റോ സമര്‍പ്പിച്ചു. വിവിധ ജില്ലാ-ഏരിയ കമ്മിറ്റികളുടെ സഹായത്തോടെ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നല്‍കുന്ന മുഹ്‌സിന്‍ ചികിത്സ സഹായ ഫണ്ട് സഹായ സമിതി കണ്‍വീനര്‍ സഹലിന് എം.കെ മുനീര്‍ കൈമാറി.
മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. എസ്.വി ജലീല്‍, സി.കെ അബ്ദുല്‍ റഹ്മാന്‍, കെ.എം.സി.സി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ്, ടി.പി മുഹമ്മദലി, ബിനു കുന്നന്താനം (ഒ.ഐ.സി.സി), അബ്ദുല്‍ വാഹിദ് (സമസ്ത ആക്ടിങ് ജനറല്‍ സെക്രട്ടറി), നജീബ് കടലായി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കുട്ടുസ മുണ്ടേരി, റസാഖ് മൂഴിക്കല്‍, ശംസുദ്ധീന്‍ വെള്ളികുളങ്ങര, എ.പി ഫൈസല്‍, ഒ.കെ ഖാസിം എന്നിവര്‍ സംബന്ധിച്ചു. ഗഫൂര്‍ കൈപ്പമംഗലം നന്ദി പറഞ്ഞു.