കൊറോണ സ്ഥിരീകരിച്ചയാളുടെ ചികിത്സ പുരോഗമിക്കുന്നു; സമ്പർക്കമുള്ളവരെല്ലാം നിരീക്ഷണത്തിൽ, പരിഭ്രാന്തി വേണ്ട – ജാഗ്രത മതിയെന്ന് മന്ത്രാലയം

മനാമ: കൊറോണ വൈറസ് സ്ഥിരീകരിച്ച ബഹ്‌റൈന്‍ പൗരന്റെ ചികിത്സ പുരോഗമിക്കുന്നു. ഇബ്രാഹീം ഖലീല്‍ ഖാനോ മെഡിക്കല്‍ സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയെ പരിചരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. രോഗബാധേറ്റ വ്യക്തി സംമ്പര്‍ക്കം പുലര്‍ത്തിയേക്കാവുന്ന ആളുകളെല്ലാം തന്നെ നിരീക്ഷണത്തിലുണ്ട്. രോഗ ബാധിതനായ വ്യക്തിയുടെ ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും വൈറസ് പടരാതിരിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചിട്ടുണ്ട്. രോഗ ബാധിതനായ വ്യക്തി ഇറാനില്‍ നിന്ന് ദുബായ് വിമാനത്താവളം വഴിയാണ് ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈനിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അതിനാല്‍ തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പടര്‍ന്നിരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഇറാന്‍, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റൈന്‍ നിര്‍ദേശം നല്‍കിയിരുന്നു. ശക്തമായ പനി, ചുമ, ശ്വാസതടസം എന്നിവ നേരിടുന്നെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് മിനിസ്ട്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് തിരികെയെത്തിവരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മിനിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.

 

Source: Bahrain news agency