മനാമ: ഡൽഹിയിൽ വംശീയ ഉന്മുലനം ലക്ഷ്യം വെച്ച് സംഘപരിവാരം അഴിച്ചുവിടുന്ന കലാപത്തിനും തേർവാഴ്ചക്കുമെതിരെ കടുത്ത പ്രതിഷേധമുയരണമെന്ന് രിസാല സ്റ്റഡി സർക്കിൾ പത്രക്കുറിപ്പിൽ പറഞ്ഞു.
അക്രമകാരികൾക്ക് ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിൽ ജനങ്ങൾക്ക് ഇനി പ്രതീക്ഷയില്ല. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയ പാർട്ടികളുടെ നിസംഗതയിൽ ആശങ്കയുണ്ട്. ഡൽഹിയിൽ ആം ആദ്‌മി വീണ്ടും ജയിച്ചു കയറിയത് സംഘപരിവാരത്തെ സേവിക്കുന്നതിന് വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു. സകല സീമകളും ലംഘിച്ച് മുസ്‌ലിം വിഭാഗത്തിനെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തിനെതിരെ ഫലപ്രദമായി ഇടപെടേണ്ട കോൺഗ്രസും ഇടതുപാർട്ടികളും ഇവിടെ എന്ത് ചെയ്യുകയാണെന്നും ആർ എസ് സി ചോദിച്ചു.
ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്തും കലാപാഹ്വാനം നടത്തിയും ഒരു മതവിഭാഗത്തിന് നേരെ നടത്തുന്ന ആക്രമണത്തിനും അഴിഞ്ഞാട്ടത്തിനുമെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമുയരേണ്ടതുണ്ടെന്ന് ആർ എസ് സി പ്രസ്താവനയിൽ പറഞ്ഞു.