മനാമ: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ടൂറിസം, ട്രാവല്‍ ഏജന്‍സികള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനില്‍ നിന്നുള്ള എല്ലാ യാത്രാ, വിനോദ പ്രൊമോഷനുകളും നിര്‍ത്തിവെക്കാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ പിഴവും അംഗീകരിക്കാനാവില്ലെന്നും ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നദീര്‍ ഖലീല്‍ അല്‍മായിദ് വ്യക്തമാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ കൂട്ടായതും ഉത്തരവാദിത്വ പൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ക്കെ കഴിയുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നേരത്തെ ഇറാനില്‍ നിന്നും ഷാര്‍ജ വഴി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 6 ബഹ്റൈന്‍ പൗരന്മാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.