മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റോഡ് മാര്‍ഗമോ വിമാന മാര്‍ഗമോ ഉംറ ചെയ്യാനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനാകില്ല. ജസ്റ്റിസ് ആന്റ് ഇസ്ലാമിക് അഫേഴ്‌സ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നേരത്തെ ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്. പിന്നാലെയാണ് ബഹ്‌റൈനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൊറോണയുടെ വ്യാപനം തടയുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഈ ഘട്ടത്തില്‍ മുന്‍ഗണനയെന്നും ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ വ്യക്തമാക്കി.
ഇന്ന് രാവിലെ ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗികളുടെ എണ്ണം 33 ആയി ഉയര്‍ന്നു.