കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനടുത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുഴയില്‍ ഇന്നലെയും തിരച്ചില്‍ നടത്തിരിന്നു. പുഴയില്‍ കുട്ടിയുടെ വീടിന് സമീപത്തേക്ക് ഏതാണ്ട് 300 മീറ്ററോളം ദൂരമുണ്ട്. കുട്ടി ഒറ്റയ്ക്ക് പുഴക്കരയിലേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇന്നലെ രാവിലെ 9.30നും 10.30 ഇടയിലാണ് ദേവനന്ദയെ കാണാതാവുന്നത്. പിന്നാലെ നാട്ടുകാരും ബന്ധുക്കളും കുട്ടിയെ ഒരു ദിവസം മുഴുവന്‍ തിരിച്ചില്‍ നടത്തിയിരുന്നു. മൃതദഹേം ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മാറ്റും. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. പ്രതീപ് പ്രവാസിയാണ്.
കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാത്ത കുട്ടിയാണ് ദേവനന്ദയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.