കൊറോണയെ തോല്‍പ്പിക്കാന്‍ ഒന്നിച്ച് പോരാടണം, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി ടാസ്‌ക് ഫോഴ്‌സ്

മനാമ: ബഹ്‌റൈനിലെ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് കൂട്ടായ പരിശ്രമം ആവിശ്യമാണെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രൂപികരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ കൊറോണയെന്ന മഹാമാരിയെ മറികടക്കാന്‍ നമുക്ക് കഴിയുകയുള്ളു. സംസ്‌കാരത്തിന്റെയോ നിറത്തിന്റേയോ മറ്റേതെങ്കിലും വ്യത്യാസ്ഥത്തിന്റെ കാര്യത്തിലോ ആരോഗ്യ സംരക്ഷണ നിര്‍ദേശങ്ങളെ ജനങ്ങള്‍ തിരസ്‌കരിക്കരുത് ടാസ്‌ക് ഫോഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ പടര്‍ന്നതിന് മുന്‍പ് 2292 പേരാണ് ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയത്. ഔദ്യോഗികമായി ഇവരെ ആരോഗ്യവകുപ്പ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ 310 പേര്‍ മന്ത്രാലയത്തിന്റെ ഫോണ്‍കോളിന് മറുപടി നല്‍കിയതായും അധികൃതര്‍ വെളിപ്പെടുത്തി. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നെത്തിയവര്‍ ഉടന്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്നും ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. അല്‍ ഖ്വാഹ്ത്വാനി വ്യക്തമാക്കി. നേരത്തെ സമാന നിര്‍ദേശങ്ങളുമായി ആഭ്യന്തര വകുപ്പും രംഗത്ത് വന്നിരുന്നു.

ജനങ്ങള്‍ക്കിടയില്‍ യാതൊരുവിധ പരിഭ്രാന്തിയും പരത്തുന്ന വ്യാജ വിവരങ്ങളും കൈമാറരുത്. മറിച്ച് വൈറസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ എല്ലാവരിലും എത്തിക്കേണ്ടതുണ്ടെന്നും ഡോ. അല്‍ ഖ്വാഹ്ത്വാനി പറഞ്ഞു. ഇതുവരെ 38 കോവിഡ്-19 വൈറസ് കേസുകളാണ് ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 32 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.