കൊറോണ വൈറസ്; എംബസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, ജോലി സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

മാനമ: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിവിധ എംബസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം. വിവിധ എംബസികളുടെ പ്രതിനിധികളുമായി ആരോഗ്യ മന്ത്രാലയം നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും കൂടിക്കാഴ്ച്ച ചര്‍ച്ച ചെയ്തു.

ലേബര്‍ അഫേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് ജാഫര്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍്, ബംഗ്ലാദേശ്, നേപ്പാള്‍ എംബസി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ലേബര്‍ ക്യാംപുകള്‍, ജോലി സ്ഥലങ്ങള്‍ എന്നിവ ആരോഗ്യ സംരക്ഷണ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയും ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന രീതിയില്‍ പ്രവാസികള്‍ക്കിടയില്‍ ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കൊറോണയെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്.