കൊല്ലം: കൊല്ലം ജില്ലയിലെ ഇളവൂരില്‍ ആറ് വയസുകാരി ദേവനന്ദ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടരുകയാണ്. കുട്ടിയെ ആരോ അപായപ്പെടുത്തിയതാണെന്ന് നാട്ടുകാരും ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ഏറെ ദുരമുള്ള പുഴയിലേക്ക് കുട്ടി എങ്ങനെയെത്തി എന്ന് സംബന്ധിച്ചും ദുരൂഹതയുണ്ട്.
പ്രത്യേക ഫോറന്‍സിക് സംഘം നാളെ എളവൂരെത്തി പരിശോധനകള്‍ നടത്തും. സംഘത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ മാത്രമാണുണ്ടാവുകയെന്നാണ് സൂചന. വീട്ടില്‍ നിന്നും പുഴയിലേക്കുള്ള ദൂരം, മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ആഴം എന്നിവ പൊലീസ് അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മണ്ണ് വെള്ളം തുടങ്ങിയവയും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പുഴയില്‍ കുട്ടിയുടെ വീടിന് സമീപത്തേക്ക് ഏതാണ്ട് 300 മീറ്ററോളം ദൂരമുണ്ട്. കുട്ടി ഒറ്റയ്ക്ക് പുഴക്കരയിലേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാണാതയതിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ഒരു ദിവസം മുഴുവനും ദേവനന്ദയ്ക്കായി തിരിച്ചില്‍ നടത്തിയിരുന്നു. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. പ്രദീപ് പ്രവാസിയാണ്.