ബഹ്‌റൈനില്‍ പുതിയ ആറ് കൊറോണ രോഗികള്‍, ചികിത്സയിലുള്ളത് 47 പേര്‍; ഇറാനിൽ നിന്നെത്തിയ 1977 പേരെ പരിശോധനകൾക്ക് വിധേയരാക്കി

മനാമ: ഇറാനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. ഫെബ്രുവരി മാസത്തില്‍ ഇറാനിൽ നിന്ന് ബഹ്‌റൈനിലെത്തിയ എല്ലാവരും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ ഇറാനിൽ നിന്നെത്തിയ 1977 പേരെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

5 ബഹ്‌റൈനി പൗരന്മാര്‍ക്കും ഒരു സൗദി യുവാവിനുമാണ് അവസാനമായി സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയവരാണ്. ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്ന കേസുകളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.