അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാണ്; കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് ടാസ്‌ക് ഫോഴ്‌സ്

മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് ടാസ്‌ക് ഫോഴ്‌സ്. കൊറോണയ്‌ക്കെതിരായ പോരാട്ടം നിയന്ത്രിക്കുന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ഹിസ്എക്‌സലന്‍സി ഫരീഖാ ബിന്‍ത് സയ്യിദ് അല്‍ സലാഹിന്റെ മേല്‍നോട്ടത്തില്‍ നടന്ന വാര്‍ത്താ സമ്മേളനം കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി.

ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയ്ക്കും ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കും പ്രത്യേകം നന്ദിയറിയിച്ചാണ് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നത്. കൊറോണയ്‌ക്കെതിരായ രാജ്യം നടത്തുന്ന പോരാട്ടം തുടരും. സൗദി അറേബ്യയോടും യു.എ.ഇയോടും സഹകരിച്ച് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടരുമെന്നും ആരോഗ്യ മന്ത്രി ഹിസ്എക്‌സലന്‍സി ഫരീഖാ ബിന്‍ത് സയ്യിദ് അല്‍ സലാഹ് വ്യക്തമാക്കി.

ടാസ്‌ക് ഫോഴ്‌സിന്റെ മേല്‍നോട്ടം വഹിക്കുന്ന ലെഫ്. കേണല്‍ ഡോ. മനാഫ് അല്‍ ഖത്വാനി കൊറോണയുമായി ബന്ധപ്പെട്ട നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് രാജ്യത്ത് 49 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും ഇറാനില്‍ നിന്ന് ഫെബ്രുവരി മാസം രാജ്യത്തെത്തിയവരാണ്. രോഗം സ്ഥിരീകരിച്ച 47 പേരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി മൊബൈല്‍ യൂണിറ്റുകളും രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണ വിധേമാണ്.