കോവിഡ് 19; മൂന്ന് പുതിയ രോഗബാധിതർ കൂടി, ബഹ്റൈനിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 52 ആയി

മനാമ: മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ ബഹ്റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52 ൽ 50 പേർക്കും പ്രത്യേക മരുന്നുകളുടെ സഹായം വേണ്ടാതെ തന്നെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്നും രണ്ട് പേർക്ക് മാത്രമാണ് നിലവിൽ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള പ്രത്യേക മരുന്നുകളും പരിചരണങ്ങളും നൽകി വരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇറാനിൽ നിന്നും മറ്റുമായി എത്തിയ 4504 പേരെ പരിശോധനകൾക്ക് വിധേയമാക്കിയവരിൽ 4452 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 52 രോഗികളിൽ 47 പേരും ബഹ്റൈനിൽ എത്തുന്ന സമയത്ത് വിമാനത്താവളങ്ങളിൽ നിന്ന് തന്നെ രോഗം സ്ഥിരീകരിച്ചവരാണ്. മറ്റുള്ളവർ 14 ദിവസത്തെ നിരീക്ഷണത്തിനിടക്ക് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയവരുമാണ്. എല്ലാവരും തന്നെ ഇറാനിൽ നിന്ന് ബഹ്റൈനിലെത്തിയവരാണ്. ബഹ്റൈനിൽ നിന്ന് ഇതുവരെ ആർക്കും രോഗം പകർന്നതായി സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ ലോകാരോഗ്യ സംഘടനയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ രാജ്യത്തെ ജനങ്ങൾ കർശനമായി പിന്തുടരണമെന്നും നിർദേശമുണ്ട്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ തടയുന്നതിനായി കോവിഡ്-19 (കൊറോണ വൈറസ്)നുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.

കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.

പരിശോധനയ്ക്കായി മൊബൈല്‍ യൂണിറ്റുകളും രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണ വിധേമാണ്.