കെ.എം.സി.സി പ്രത്യാശ റേഷന്‍ പദ്ധതി നാലാം വര്‍ഷത്തിലേക്ക്

മനാമ: കെ.എം.സി.സി പ്രത്യാശ റേഷന്‍ പദ്ധതി നാലാം വര്‍ഷത്തിലേക്ക്. നാലാം വാര്‍ഷികം പ്രമാണിച്ച് 40 കുടുംബങ്ങള്‍ക്കുള്ള പ്രത്യാശ കാര്‍ഡ് വിതരണം നാളെ വില്ല്യാപ്പള്ളി യില്‍ വെച്ച് നടക്കും. കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രത്യാശ. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള കെഎംസിസി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

2017 റിപ്പബ്ലിക് ദിനത്തിലാണ് റേഷന്‍ പദ്ധതി ആരംഭിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 18000 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. 2017ല്‍ 26 കുടുംബങ്ങള്‍ക്കും 2018ല്‍ 43 കുടുംബങ്ങള്‍ക്കും 2019ല്‍ 40 കുടുംബങ്ങള്‍ക്കും പ്രത്യാശ വഴി റേഷന്‍ സാമഗ്രികള്‍ എത്തിച്ചു. 3 വര്‍ഷത്തിനിടെ 109 കുടുംബങ്ങള്‍ക്കാണ് പ്രത്യാശ സഹായങ്ങളെത്തിച്ചത്.

സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പ്രത്യാശ കാര്‍ഡ് വഴി മാസം 1500 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയും. വില്യാപ്പള്ളി സൂപ്പര്‍ മാര്‍ക്കറ്റ് വഴിയായിരിക്കും ഇവര്‍ക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക. ഓരോ വര്‍ഷവും അര്‍ഹരെ കണ്ടെത്തി കാര്‍ഡ് പുതുക്കി നല്‍കും. ഇതിനായി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലില്‍ പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

ഖത്തര്‍, ബഹ്റൈന്‍, സൗദി, ഒമാന്‍, യൂഎഇ, കുവൈറ്റ്, ബ്രിട്ടന്‍, അമേരിക്ക ചൈന, എന്നീ രാജ്യങ്ങളിലുള്ള വില്ല്യാപ്പള്ളി പ്രദേശവാസികളായ കെ.എം.സി .സി പ്രവര്‍ത്തകര്‍ നാട്ടിലുള്ള കാരുണ്യ പ്രവര്‍ത്തകര്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലുമായിസഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.