മതത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം: ബഹ്‌റൈന്‍ സിഖ് ഗുരുദ്വാര ഭാരവാഹികള്‍

മനാമ: രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം ഉത്പാദിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്ന് ബഹ്‌റൈനിലെ സിഖ് ഗുരുദ്വാര ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ വംശഹത്യക്കിടെ സ്വജീവന്‍ പോലും തൃണവത്ഗണിച്ചു കലാപത്തിനിരയാവരെ രക്ഷിക്കാന്‍ സിഖ് സമൂഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയും സ്‌നേഹവും അറിയിക്കാന്‍ എത്തിയ ‘നാനാത്വത്തില്‍ ഏകത്വം’ ഭാരവാഹികളെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

മതത്തിനപ്പുറം മനുഷ്യത്വത്തിലും മാനവികതയിലും ഊന്നിയ ബന്ധമാണ് നിലവിലുളള സമൂഹത്തിന് ആവശ്യം. ഡല്‍ഹിയില്‍ നിരപരാധികളായ മനുഷ്യരെ കൊല്ലാന്‍ നേതൃത്വം നല്‍കിയവരെ സമൂഹം ഒറ്റപ്പെടുത്തണം. പിഞ്ചുകുട്ടികളെയും സ്ത്രീകളെയും പോലും അക്രമകാരികള്‍ നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. തികച്ചും ആസൂത്രിതമായി നടത്തപ്പെട്ട ഈ വംശഹത്യക്ക് നേതൃത്വം നല്‍കിയവരെ പിന്തുണക്കുന്നവര്‍ പ്രവാസലോകത്തും ഉണ്ടെന്നത് ആശങ്കാജനകമാണ്. മതങ്ങള്‍ മുന്നോട്ടുവെക്കുന്നത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങളാണ്. മതങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നവരാണ് ഇത്തരം കിരാത നടപടികള്‍ക്ക് പിന്നിലെന്നും സമൂഹം തിരിച്ചറിയണം. ഇത്തരം സന്ദര്‍ശനങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നതാണെന്നും ഗുരുധ്വാര ഭാരവാഹികളായ ബാബാ രത്തന്‍ സിംഗ്, ഹര്‍ഭജന്‍ സിംഗ്, ശങ്കര്‍ സിംഗ്, ജസ് വന്ത് സിംഗ് എന്നിവര്‍ കൂട്ടിച്ചേര്‍ത്തു.

നാനാത്വത്തില്‍ ഏകത്വം കൂട്ടായ്മ പ്രവര്‍ത്തകരായ ബിനു കുന്നന്താനം, എസ്.വി. ജലീല്‍, ജമാല്‍ ഇരിങ്ങല്‍, അബ്ദുല്‍ വാഹിദ്, ബദ്‌റുദ്ധീന്‍ പൂവാര്‍, അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ ആണ് ഗുരുദ്വാര സ്ന്ദര്‍ശിച്ചത്.