കൊറോണ വൈറസ്; ബഹ്റൈനിൽ മൂന്ന് പുതിയ രോ​ഗികൾ, മൂന്ന് പേർക്ക് രോ​ഗമുക്തി; സ്ഥിതിഗതികൾ നിയന്ത്രണ വിധേയം

മനാമ: ബഹ്‌റൈില്‍ മൂന്ന് പുതിയ കൊറോണ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചികിത്സയിലുള്ള മൂന്ന് പേർക്ക് രോ​ഗം പൂർണമായും ഭേദമായിട്ടുണ്ടെന്നും അവർ ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി. ചികിത്സയിലുണ്ടായിരുന്ന ഒരു ബഹ്റൈനി വനിതയും ഒരു ബഹ്റൈനി പുരുഷനും ഒരു സൗദി വനിതയുമാണ് രോഗമുക്തി നേടിയത്. നിലവില്‍ വൈറസ് ബാധയേറ്റ് 51 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ രോഗികളുടെ കാര്യം ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.

രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയ 5220 പേരിൽ 5169 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള 39 പേരുടെ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.