അനധികൃതമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച പത്ത് ലക്ഷം മാസ്‌കുകള്‍ പിടിച്ചെടുത്തു; വില കൂട്ടി മാസ്‌കുകള്‍ വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി

മനാമ: ബഹ്‌റൈനില്‍ നിന്ന് അനധികൃതമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച 10 ലക്ഷത്തിലധികം മാസ്‌കുകള്‍ പിടിച്ചെടുത്തു. മാസ്‌കുകള്‍ കടത്താന്‍ ശ്രമിച്ച ഡീലറിന് കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാകും. മാസ്‌കുകള്‍ വില കൂട്ടി വില്‍പ്പന നടത്തിയ ഹൂറയിലെ സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ വിലക്കൂട്ടി വില്‍പ്പന നടത്തിയവര്‍ക്കെതിരെ നേരത്തെയും സമാന നടപടികള്‍ സ്വീകരിച്ചിരുന്നു.

കൊവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ മെയ് മാസം വരെ രാജ്യത്ത് നിന്ന് മാസ്‌കുകള്‍ കയറ്റുമതി ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാസ്‌കുകള്‍ വിലകൂട്ടി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ജിക്കല്‍ മാസ്‌കുകള്‍ക്ക് 100ഫില്‍സും എന്‍95 മാസ്‌കിന് 1.400ദിനാറുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില.

നിയമലംഘിച്ച് നടത്തുന്ന മാസ്‌ക് വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ 80001700 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം. ബഹ്‌റൈനില്‍ കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 51 വൈറസ് ബാധിതരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

 

Source: GDN