ബഹ്‌റൈനില്‍ ഒരാള്‍ക്ക് കൂടി കൊറോണ, ചികിത്സയിലുള്ളത് 52 പേര്‍; നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടു

മനാമ: ബഹ്‌റൈനില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ്-19 (കൊറോണ വൈറസ്) ബാധയേറ്റവരുടെ എണ്ണം 52 ആയി ഉയര്‍ന്നു. ഇതുവരെ 5282 പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സയിലുള്ള 35 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. വൈറസ് കണ്ടെത്തിയ 46 പേരും മറ്റു രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലെത്തിയവരാണ്. 6 പേര്‍ക്ക് മാത്രമാണ് രാജ്യത്തിനകത്ത് വെച്ച് വൈറസ് ബാധയേറ്റിട്ടുള്ളു. ഇതുവരെ നാല് പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടിരിക്കുന്നത്.

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മുന്നറിയിപ്പുകള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ബഹ്‌റൈന്‍ മുന്നോട്ടുപോകുന്നത്. രോഗം സംശയിച്ച് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതോടെ ഇവരെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇരുവരും ചൈനയില്‍ നിന്ന് തിരികെ എത്തിയ സ്വദേശി പൗരന്മാരാണ്. നിരീക്ഷണത്തിലുള്ള എല്ലാവരെയും പരിചരിക്കുന്നത് പ്രത്യേക മെഡിക്കല്‍ സംഘമാണ്.

ഫെബ്രുവരി മാസം ഇറാനില്‍ നിന്നെത്തിയ എല്ലാവരെയും വൈദ്യപരിശോധന നടത്തിവരികയാണ്. 444 എന്ന ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറില്‍ വിളിച്ച് വൈദ്യ പരിശോധന തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ രോഗികളുടെ കാര്യം ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.