മനാമ: ബഹ്‌റൈനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും കിംഗ് ഫഹദ് കോസ് വേയിലും അതിസൂക്ഷ്മ നിരീക്ഷണം തുടരുമെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രൂപം നല്‍കിയ ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്. കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്ത്വാനി. കൊറോണയെ പ്രതിരോധിക്കുന്നതിനായി ബഹ്‌റൈന്‍ ശ്രദ്ധേമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബഹ്‌റൈന്‍ തുടരുന്ന പ്രതിരോധ നടപടിക്രമങ്ങള്‍ മികച്ചതാണെന്നും മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനമാണെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോ. മനാഫ് വ്യക്തമാക്കി.
നേരത്തെ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം രംഗത്ത് വന്നിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ്-19 (കൊറോണ വൈറസ്) ബാധയേറ്റവരുടെ എണ്ണം 52 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 5282 പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സയിലുള്ള 35 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. വൈറസ് കണ്ടെത്തിയ 46 പേരും മറ്റു രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനിലെത്തിയവരാണ്. 6 പേര്‍ക്ക് മാത്രമാണ് രാജ്യത്തിനകത്ത് വെച്ച് വൈറസ് ബാധയേറ്റിട്ടുള്ളു. ഇതുവരെ നാല് പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടിരിക്കുന്നത്.