ന്യൂഡല്‍ഹി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണത്തിന് വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് 48 മണിക്കൂര്‍ നേരം ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നിലവില്‍ ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗു നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് ഇന്ത്യൻ സമയം 7.30 മുതലാണ് നിരോധനം നടപ്പാക്കി തുടങ്ങിയത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇരു ചാനലുകളും നടത്തിയ ചില റിപ്പോർട്ടുകൾക്ക് വിശദീകരണം നൽകാൻ നേരത്തെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കത്ത് നൽകിയിരുന്നു. കത്തിന് മറുപടി നൽകിയെങ്കിലും ചാനലിന്റെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്താൻ ഉത്തരവിടുകയായിരുന്നു. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ 6(1)(c), 6(1)(e) എന്നീ നിയമങ്ങളാണ് ഏഷ്യാനെറ്റ് ലംഘിച്ചിരിക്കുന്നതെന്ന് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി ഉത്തരവില്‍ പറയുന്നു.
ഡല്‍ഹി പൊലീസിനെയും ആര്‍.എസ്.എസിനെയും വിമര്‍ശിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് മീഡിയാ വണ്‍ നല്‍കിയിരിക്കുന്നത്. ഇത് ചായ്വ് ഉണ്ടാക്കുന്നതാണെന്നും സമാധാന അന്തരീക്ഷം തകർക്കാൻ കാരണമാകുമെന്നും ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി ആരോപിക്കുന്നു. ബി.ജെ.പി സർക്കാരിന്റെ നടപടിക്കെതിരെ അതിരൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.