മനാമ: മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഫാസിസ്റ്റ് തന്ത്രം അപലപനീയമാണ്. ഇതിനെ പരാജയപ്പെടുത്തുവാൻ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണം എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത് ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കയ്യേറ്റമാണ്. സംഘപരിവാറിന്റെ അക്രമങ്ങളെ തുറന്നുകാണിച്ചതിന്റെ പേരിൽ രണ്ട് മാധ്യമങ്ങളെ വിലക്കിയത് മുഴുവൻ ജനങ്ങളുടെയും അറിയാനുള്ള അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണ്. ഡൽഹിയിലെ ആക്രമണ സമയത്ത് ഭരണകൂടം കാണിച്ച നിസ്സംഗത പുറത്ത് കൊണ്ട് വന്നതിനാണ് ഈ നടപടിയെന്ന് വ്യക്തമാണ്. ഇത് ജനകീയ പ്രതിഷേധങ്ങളെയും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളേയും അധികാരമുപയോഗിച്ച് അ ടിച്ചമർത്താനുള്ള നീക്കമാണ്. എന്നാൽ ഈ‌നീക്കം വിജയിക്കില്ലെന്ന് മാത്രമല്ല ഇന്ത്യയുടെ ചരിത്രമരമായ മതേതര ജനാധിപത്യ മൂല്യങ്ങൾ തിരിച്ച് പിടിക്കുമെന്നും തീർച്ചയാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും വാർത്താമാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന ഈ അടിച്ചമർത്തൽനയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്ന് സോഷ്യൽ വെൽഫെയർ എക്സിക്യൂട്ടീവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു