മനാമ: ദൽഹി കലാപ വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മീഡിയ വണിനും ഏഷ്യാനെറ്റിനും എതിരെ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ഫാസിസ്റ്റ് വൽകരിക്കുന്നതിൻ്റെ കൃത്യമായ നടപടിയാണെന്ന് മൈത്രി സോഷ്യൽ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പൗരത്വ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമായി വംശീയ ഉന്മൂലന പദ്ധതി തയാറാക്കിയവരെയും നടപ്പാക്കിയവരെയും സംരക്ഷിക്കുകയും അതേ സമയം ജനങ്ങളിലേക്ക് വാർത്തകൾ എത്തിക്കുന്ന മാധ്യമങ്ങളെ നിശബ്ദമാക്കാനും നടത്തുന്ന ശ്രമങ്ങൾ ചെറുത്തു തോൽപിക്കേണ്ടതാണ്.
കോടതികളെ പോലും സമ്മര്‍ദത്തിലാക്കുകയും നീതി നടപ്പാക്കുന്നതിൽ നിന്ന് അവയെ തടയുകയും ചെയ്യുന്ന രീതിയാണ് ദൗർഭാഗ്യവശാൽ നാം കണ്ടു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങൾ കലാപകാരികൾക്ക് കൂഴലൂത്തു നടത്തുന്നത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ അപകടപ്പെടുത്തുന്നതാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന മാധ്യമങ്ങളെ ഇല്ലാതാക്കി ഫാസിസം നടപ്പാക്കാനുള്ള ശ്രമങ്ങളെ ജനകീയ ചെറുത്തു നിൽപുകളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും മൈത്രി അസോസിയേഷന്‍ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി.