മനാമ: ഡൽഹി കലാപ വാർത്തകൾ റിപ്പോർട്ട് ചെയ്ത മീഡിയ വണിനും ഏഷ്യാനെറ്റിനും എതിരെ 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി നാനാത്വത്തിൽ ഏകത്വം കൂട്ടായ്മ.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. പക്ഷേ അടുത്തിടെയായി ഇന്ത്യയിലെങ്ങും ഈ പ്രവണത അപകടകരമാകും വിധം കൂടിവരികയാണ്. വിമർശനമോ, ആക്ഷേപമോ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വരുതിയിലാക്കാനുള്ള നടപടികൾ പുതിയതല്ല. പക്ഷേ മാധ്യമങ്ങളോട് കലാപത്തിന്‍റെ ഇരകൾ പറഞ്ഞ കാര്യം പ്രേക്ഷകരെ കാണിച്ചതിന്റെ പേരിൽ മാധ്യമങ്ങളെ കൂച്ചു വിലങ്ങിടുന്നത് അതീവ ഗുരുതരമാണ്. ഭരണകൂടം നട്ടെല്ലുളള മാധ്യമങ്ങളെ ഭയക്കുന്നു എന്നതിന്‍റെ തെളിവാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സർക്കാർ ജനങ്ങളുടെ അറിയാനുളള അവകാശത്തെയാണ് റദ്ദ് ചെയ്യുന്നത്. നേരിനെ ഭയക്കുന്ന കേന്ദ്ര സർക്കാർ മീഡിയവണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏർപ്പെടുത്തിയ വിലക്കിൽ നാനാത്വത്തില്‍ ഏകത്വം കൂട്ടായ്മ ശക്തമായ് പ്രതിഷേധിക്കുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു.